കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്ക് ഭീകരബന്ധമുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെ ഒരു സംഘം രൂപീകരിച്ചതായും രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക സുരക്ഷയും ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധവും തകര്‍ക്കാന്‍ സംഘം ലക്ഷ്യമിട്ടിരുന്നതായും എന്‍ഐഎ പറയുന്നു. ഇതിനായി ഇന്ത്യയിലും വിദേശത്തുമായി ഇവര്‍ വ്യാപകമായി ഫണ്ട് പിരിക്കുകയും സ്വര്‍ണക്കടത്തു സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. മൂന്നാഴ്ച മുമ്പ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
ഇരുപത് പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എന്‍ ശിവശങ്കറിന്റെ പേര് കുറ്റപത്രത്തിലെവിടെയും പരാമര്‍ശിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനാണ് ശിവശങ്കറെന്ന ആരോപണം സമാന്തരമായി കേസ് അന്വേഷിക്കുന്ന കസ്റ്റംസും ഇഡിയും ഉയര്‍ത്തുന്നതിനിടെയാണ് ശിവശങ്കറിനെ ഒഴിവാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന ഏതൊരു പ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനമാണെന്നും ഇതുതന്നെയാണ് പ്രതികള്‍ നടത്തിയതെന്നും എന്‍ ഐ എ കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഇനി ഒമ്പത് പേരെ കൂടി പ്രതി ചേര്‍ക്കാനുണ്ട്. നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണക്കടത്തിനു പിന്നിലെ ഭീകര ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ പ്രത്യേക സംഘത്തെ തന്നെ രൂപീകരിച്ചിരുന്നു.