ന്യൂയോര്‍ക്ക്: പ്രശസ്ത ഹോളിവുഡ് നടന് ഡസ്റ്റിന് ഡൈമണ്ട് അന്തരിച്ചു. 44വയസായിരുന്നു. പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. ഏറെ വൈകിയാണ് രോഗം തിരിച്ചറിഞ്ഞത്. അപ്പേഴേക്കും ചികിത്സ ഫലിക്കാത്ത വിധം ശരീരമാകെ രോഗം പടര്‍ന്നിരുന്നു. തിങ്കളാഴ്ചയോടെ നില വഷളാവുകയും ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരണപ്പെടുകയുമായിരുന്നു.
ദ പ്രൈസ് ഓഫ് ലൈഫ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തെത്തിയത്. പിന്നീട് അമേരിക്കന്‍ പ്ലേ ഹൗസ്, ഇറ്റ് ഈസ് എ ലിവിങ്, യോഗീസ് ഗ്രേറ്റ് എസ്കേപ്പ് തുടങ്ങിയ ടിവി സീരിയലുകളില്‍ വേഷമിട്ടു. സേവ്ഡ് ബൈ ദ ബെല്‍ എന്ന സീരിയലിലൂടെ പ്രേക്ഷകശ്രദ്ധ നേടി. ലോങ്ഷോട്ട്, മേയ്ഡ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കൂടാതെ ഒട്ടനവധി റിയാലിറ്റി ഷോകളില്‍ അവതാരകനായും മത്സരാര്‍ഥിയായും ഡസ്റ്റിന് പ്രത്യക്ഷപ്പെട്ടിരുന്നു. 2009ല്‍ ജെന്നിഫര്‍ മിസ്നെറെ വിവാഹം ചെയ്തെങ്കിലും 2013ല്‍ ഇവര്‍ വിവാഹമോചനം നേടിയിരുന്നു.