ലക്നൗ: ലക്ഷങ്ങള്‍ അടങ്ങിയ ബാഗ് കുരങ്ങന് തട്ടിപ്പറിച്ചു. 12,000 രൂപയോളം കീറിക്കളഞ്ഞു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. വയോധികന്റെ കൈയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച കുരങ്ങന് മരത്തിന് മുകളില്‍ കയറിയിരുന്ന് നോട്ടുകള്‍ കീറിയെറിയുകയായിരുന്നു.
നാലുലക്ഷം രൂപയാണ് ബാഗില്‍ ഉണ്ടായിരുന്നത്. ഒരു വസ്തു വാങ്ങുന്നതിനായാണ് പണവുമായി എത്തിയതെന്ന് വയോധികന് പറയുന്നു. ഓടിക്കൂടിയ ആളുകള്‍ പഴവും മറ്റും നല്കി കുരങ്ങനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മരത്തില്‍ കയറി ബാഗ് പിടിച്ചെടുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.
ഒരു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം കുരങ്ങന് തന്നെ ബാഗ് താഴേക്ക് വലിച്ചെറിഞ്ഞതോടെ വയോധികന്റെ ശ്വാസം നേരെ വീണു. അപ്പോഴേക്കും 12,000 രൂപയോളം മൂല്യമുള്ള നോട്ടുകള്‍ കീറിക്കളഞ്ഞിരുന്നു.