പൂനെ: മെഡിക്കല്‍ കോളജിലെ ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും ശുചിമുറിയിലും രഹസ്യക്യാമറ വെച്ച നാഡീരോഗം വിദഗ്ധനായ സീനിയര്‍ ഡോക്ടര്‍ പിടിയിലായി. മഹാരാഷ്ട്രയിലെ പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളജിലാണ് സംഭവം. നാഡീരോഗ വിദഗ്ധനും ലെക്ചറുമായ നാല്പ്പത്തിരണ്ടുകാരനാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് കുളിമുറിയിലെ അസ്വാഭാവിക വെളിച്ചം ട്രെയിനി ഡോക്ടറായ യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ബള്‍ബ് തെളിയാതിരുന്നിട്ടും മുറിയില്‍ ചെറിയ രീതിയില്‍ പ്രകാശം കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ഇലക്ട്രീഷ്യനെ വിളിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ കിടപ്പുമുറിയിലും കുളിമുറിയിലും ബള്‍ബിനുള്ളില്‍ രഹസ്യ ക്യാമറകള്‍ കണ്ടെത്തുകയായിരുന്നു.
ട്രെയിനി ഡോക്ടര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസിന്റെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജിലെ നാഡീരോഗ വിദഗ്ധന്‍ പിടിയിലായത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് മുതിര്‍ന്ന് ഡോക്ടര്റാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസിന് വ്യക്തമായത്. സ്വന്തമായി ക്ലിനിക്കു നടത്തുന്ന പ്രതി നിരവധി ആശുപത്രികളിലെ കണ്‍സള്‍ട്ടന്റ് കൂടിയാണ്.