ലോക മുസ്ലിംകള് വ്രതാനുഷ്ടാനങ്ങളില്‍ മുഴുകിയിരിക്കുന്ന ഈ വേളയില്‍ അവരുടെ അസ്തിത്വത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഏതെന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അമേരിക്കയുടെ സാമ്രാജ്യത്വ ഭീഷണി, പലസ്തീന് ജനതയുടെ നേരെയുള്ള സിയോണസത്തിന്റെ ക്രൂരത നിറഞ്ഞ ആക്രമണം, ആഭ്യന്തര രംഗത്തെ മുസ്ലിങ്ങളുടെ അനൈക്യം. ഇവയെല്ലാം മുസ്ലിം സമുദായത്തെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. എന്നാല്‍ കാതലായ പ്രശ്നം തഖ്വയുടെ അഭാവമാണെന്നതും നാം പലവട്ടം ചിന്തിക്കേണ്ടതുണ്ട്. ഭക്തി ബോധത്തിന്റെ പ്രതിദിന പ്രതിവാര വലയത്തില്‍ ജീവിക്കുന്ന വിശ്വാസിയെ കൂടുതല്‍ ശുദ്ധീകരിക്കാനുള്ള പ്രതിവര്‍ഷ അവസരമാണ് റമദാന് മാസത്തെ മുപ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നോമ്പ്. സര്‍വ്വഭക്തി മാര്‍ഗങ്ങളും റമദാനില്‍ സജീവമായി സമ്മേളിക്കുന്നു. ഭക്തിയുടെ വസന്തകാലമായും പൂക്കാലമായും റമദാന് മാറുന്നു. പാപങ്ങളെ കരിച്ച് കളയുകയും ഹൃദയരോഗങ്ങളെ ചികിത്സിക്കുകയും ചെയ്യുന്ന സന്തോഷ നാളുകളില്‍ നാം തഖ്വയെ മുറുകെ പിടിക്കേണ്ടതുണ്ട്. നമ്മില്‍ നിന്ന് തഖ്വ ചോര്‍ന്നു പോയതില്‍ മറ്റുള്ളവരെ പഴിചാരി കൊണ്ടിരിക്കുന്നതില്‍ അര്‍ത്ഥമില്ല.
സ്നേഹം, കാരുണ്യം, നന്മ, ക്ഷമ, സല്‍സ്വഭാവം, മറ്റു മതങ്ങളോടുള്ള സമീപനം തുടങ്ങിയ മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നതില്‍ എപ്പോഴും നിഷ്ഠയുള്ളവരായിരിക്കണം. ഒരു വിഭാഗത്തിന്റെ അപഥസഞ്ചാരവും കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ദുര്‍വാസനയും മാതൃകാ സമൂഹമെന്ന സല്‍പേരിന് കളങ്കമേല്പ്പിക്കുന്നുണ്ട. ചെയ്തുപോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനും ആത്മവിചാരണ ചെയ്യാനും സ്വയം വിമര്‍ശനത്തിനുമുള്ള അസുലഭ മുഹൂര്‍ത്തമാണ് റമദാനിലെ മുപ്പത് നാളുകള്‍. പുനരാലോചനകളും ആത്മ വിമര്‍ശനങ്ങളും ജീവിത നവീകരണത്തിന്റെ ഏറ്റവും കരുത്തേറിയ മാര്‍ഗമാണ്. തെറ്റില്‍ നിന്ന് ശരിയിലേക്കും ശരിയില്‍ നിന്ന് കൂടുതല്‍ വലിയ ശരിയിലേക്കും നയിക്കുന്നത് തഖ്വായാണെന്ന കാര്യം നമ്മില്‍ പലരും മറന്നുപോകുന്നു. നന്മയുടെ ആള് രൂപമാവേണ്ടവനാണ് സത്യവിശ്വാസി. സഹജീവികള്‍ക്കും ഇതര ചരാചാരങ്ങള്‍ക്കും ഗുണകരമായ വിധമാണ് അവന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത്. എല്ലാവരോടും നല്ല സഹവര്‍ത്തിത്വം കാണിക്കേണ്ടവനാണവന്. തന്നോട് അകലം പാലിക്കുന്നവരോടും ശത്രുത പുലര്‍ത്തുന്നവരോടും പരമാവധി നല്ല സമീപനം സ്വീകരിക്കേണ്ടവനാണ് താനെന്ന ബോധം അവനെ നയിക്കേണ്ടതുണ്ട്. തഖ്വ ഹൃദയത്തിലുണ്ടെങ്കില്‍ മുസല്മാന് നേരായ മാര്‍ഗത്തില്‍ സഞ്ചരിക്കും. മനസ്സിനെ പൂര്‍ണ്ണമായും ശുദ്ധീകരിച്ച് അല്ലാഹുവിന്റെയും പ്രവാചകന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സജ്ജമാക്കുകയും തെറ്റുകളില്‍ ചെന്ന് ചാടാതിരിക്കുകയും ചെയ്യുന്നതാണ് തഖ്വ. ഈ മഹത് ഗുണം വളര്‍ത്തുകയാണ് റമദാന് വ്രതത്തിന്റെ ലക്ഷ്യം. തഖ്വയെ മുറുകെ പിടിക്കാന്‍ നല്ലോണം അധ്വാനമുണ്ട്. ഈ ഒരു മാസം അതിന് വേണ്ടി മെനക്കെടാനുള്ള മാസമാനെന്നതും കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. തഖ്വയുടെ അഭാവമാണ് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് വ്യക്തികളെ തള്ളിവിടുന്നത്. അന്യരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്നതില്‍ നിന്ന് ഒരു വ്യക്തിയെ തടയുന്നത് തഖ്വാ മാത്രമാണ്. പാപങ്ങള്‍ ചെയ്യുക എന്നതിനേക്കാള്‍ വലിയ പാതകമാണ് സംഭവിച്ച തെറ്റുകളുടെ പേരില്‍ ഖേദിക്കാതിരിക്കുന്നതും പശ്ചാതാപബോധം മനസ്സിന്റെ വികാരമായി അനുഭവപ്പെടാതിരിക്കുന്നതും. തെറ്റുകളും കുറവുകളും പോരായ്മകളും ബോധ്യപ്പെടുന്ന പക്ഷം അതില്‍ നിന്ന് വിട്ടുനില്‍ക്കുകയും സംഭവിച്ച തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുകയും ചെയ്യലാണ് ഒരാളെ നല്ല മനുഷ്യനാക്കുന്ന ഘടകം.
റമദാന് ഖുര്‍ആന്റെ കാലമാണ്. ഖുര്‍ആന്‍ അവതീര്‍ണമായതിന്റെ കാലം. ഖുര്‍ആന്‍ അവതരണം ഉദ്ഘാടനം ചെയ്യപ്പെട്ട വിശുദ്ധരാവ്-ലൈലത്തുല്‍ ഖദ്ര് ഉള്‍ക്കൊള്ളുന്ന മാസം. ഖുര്‍ആനും വിശ്വാസിയും തമ്മിലുള്ള ബന്ധത്തിന് ജീവനുണ്ടാവണം.
റമദാന് നാളുകള്‍ക്ക് പൊലിമ ഏറെയാണ്. പള്ളികള്‍ രാത്രിയും പകലും ഭക്തരെക്കൊണ്ട് സജീവമാകുന്നു. മതപ്രഭാഷണങ്ങളും ഖുര്‍ആന്‍ ക്ലാസ്സുകളും ഇടതടവില്ലാതെ നടക്കുന്നു. ദാനധര്‍മ്മങ്ങളുടെ നിലക്കാത്ത പ്രവാഹമാണ് എങ്ങും. റമദാന്റെ പവിത്രത കാത്ത് സൂക്ഷിക്കുന്നതില്‍ സമുദായം ബദ്ധശ്രദ്ധരാണ്. റമദാന് കാലത്ത് നേടിയ തഖ്വയുടെ ചൈതന്യം ഈദുല്ഫിത്തറോടെ കെട്ടുപോകാന്‍ പാടില്ല. പല ആരാധനകളും മതചിഹ്നങ്ങളും ചിലരുടെ കാര്യത്തിലെങ്കിലും ദുര്‍ബലമായ ചടങ്ങുകള്‍ മാത്രമായി മാറുന്നു. ബാഹ്യമായ ഭക്തി എന്ന അവസ്ഥയെ അതിജീവിച്ച് സ്ഥായിയായ ആന്തരിക വിശുദ്ധിയും സദാജീവിതത്തിന് വെളിച്ചമാകുന്ന ദൈവ ചിന്തയുമാണ് നോമ്പ് പ്രദാനം ചെയ്യുന്നത്. തകര്‍ന്ന മനസ്സുകളെയും പ്രതീക്ഷയറ്റ മനുഷ്യരെയും സത്യവും നന്മയും സുകൃതവുമുള്ള ജീവിതത്തിലേക്ക് തിരിച്ചു വിളിക്കുകയാണ് അല്ലാഹു. വീണ്ടുംവീണ്ടും പാപങ്ങളിലേക്ക് വഴുതി വീഴുന്ന നമ്മെ കൈ പിടിച്ച് കരകയറ്റി തഖ്വയിലേക്ക് തിരികെ വിളിക്കുന്ന അതിരില്ലാത്ത അലിവിന്നുടമയാണ് നാഥന്. തൗബയുടെ പിടിവള്ളി താഴ്ത്തിത്തന്ന് അല്ലാഹു നമ്മെ നേരായ മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നു. അത്രമാത്രം കരുണാര്‍ദ്രനായ അല്ലാഹുവിനോട് എത്ര ശുക്ര് ചെയ്താലും മതിയാവില്ല. പട്ടിണി കിടക്കുന്നവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും ആശ്വാസമാവണമെന്നത് തന്നെയാണ് റമദാനിന്റെ ലക്ഷ്യങ്ങളിലൊന്ന്. അതുകൊണ്ടാണല്ലൊ ദാനധര്‍മ്മങ്ങള്‍ക്ക് ഇത്രമാത്രം പ്രതിഫലം ഈ സമയത്ത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. നോമ്പ് പിടിക്കാന്‍ കഴിയാത്തവര്‍ പ്രായശ്ചിത്തമായി പാവപ്പെട്ടവന് ഭക്ഷണം നല്‍കണമെന്ന നിര്‍ദ്ദേശം നല്കുന്ന സന്ദേശം നിസ്സാരമാണോ? ഭക്ഷണം ഒരു ആവശ്യവും ആസക്തിയുമാണ്. ആവശ്യമറിഞ്ഞ് ഭക്ഷിക്കുകയും ആസക്തിയെ തടയുകയും ചെയ്യുക എന്നത് തന്നെയാണ് റമദാന് നല്കുന്ന സന്ദേശം. അമിതവും അഹിതവുമായ ഭക്ഷണശീലം ഉണ്ടാക്കിവെക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരവധിയാണ്. അതോടൊപ്പം ഭക്ഷണത്തിന്റെ വിലയറിയാനും ആര്‍ഭാടവും ധൂര്‍ത്തും ഒഴിവാക്കാനും റമദാനിലൂടെ സാധ്യമാവണം. റമദാന് നമ്മുടെഉള്ള് തുറപ്പിക്കട്ടെ. ഹൃദയത്തില്‍ തഖ്വ നിറക്കട്ടെ. ഓരോ വ്യക്തിയിലും സമൂഹത്തിലും റമദാന്റെ ശോഭ പരക്കട്ടെ.
അബ്ദു കാവുഗോളി