കണ്ണൂര്‍ ജില്ലയിലെ മലയോരത്ത് ധാരാളം വെള്ളച്ചാട്ടങ്ങളുണ്ട്. മണ്‍സൂണ്‍ കാലത്താണ് അവ കൂടുതല്‍ ശോഭയോടെ തിളങ്ങുന്നത്. കുത്തനെയുള്ള മലനിരകളില്‍ നിന്ന് കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന്റെ കാഴ്ചകള്‍ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. നോക്കെത്താ ദൂരത്തുള്ള മലനിരകളെ പുല്കിയൊഴുകിയെത്തുന്ന ജലം, പല പടവുകളായി താഴേക്ക് പതിക്കുന്നത് ഒറ്റ കാന്‍വാസില്‍ പകര്‍ത്താമെന്നതാണ് കാപ്പിമല ഫാള്‍സിന്റെ സവിശേഷത.
കാസര്‍കോട് നിന്ന് ചെറുപുഴ, ആലക്കോട് വഴി പൈതല്‍മലയിലേക്കുള്ള യാത്രയില്‍ കാപ്പിമല ഫാള്‍സ് സന്ദര്‍ശിക്കാം. പ്രധാന റോഡില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി വിജനമായ സ്ഥലത്താണ് ഫാള്സുള്ളത്. കോട്ടയം രാജാവിന്റെ കൈവശമുണ്ടായിരുന്ന കാപ്പികൃഷി ചെയ്തിരുന്ന മലയാണ് കാപ്പിമല എന്ന പേരില്‍ അറിയപ്പെടുന്നത്. നല്ല ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളത്തിന്റെ ദൃശ്യം ഒന്നൊന്നര കാഴ്ച തന്നെയാണ്. മൂന്നു ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട പ്രകൃതി രമണീയമായ സ്ഥലത്താണ് ഫാള്സുള്ളത്. വാഹനം പാര്‍ക്കു ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ കിലോമീറ്റര്‍ അകലെയുള്ള ഫാള്‍സ് നേര് മുമ്പിലായി കാണാം. ഹരിതാഭ നിറഞ്ഞ ഇടതൂര്‍ന്ന മരങ്ങളടങ്ങിയ മലയുടെ മധ്യത്തിലൂടെ പാലരുവി പോല ഒലിച്ചിറങ്ങുന്ന വെള്ളത്തിന്റെ വിദൂര ദൃശ്യം ഫാള്‍സിലേക്കുള്ള കാല്‍നട യാത്ര ആരംഭിക്കുന്ന സ്ഥലത്ത് നിന്ന് ഒപ്പിയെടുക്കാം. ചിലപ്പോള്‍ ഫാള്‍സില്‍ നിന്നും കാണാവുന്നതിനേക്കാളും മൊത്തത്തിലുള്ള സീന്‍ ഇവിടെ നിന്നാണ് ലഭിക്കുക. കാടിന്റെ നിശബ്ദത ഭേദിച്ചൊഴുകുന്ന കാട്ടാറിന്റെ ശബ്ദം ദൂരെ വരെ കേള്‍ക്കാം. ഫാള്‍സിലേക്കുള്ള യാത്രയില്‍ മറ്റ് ചെറിയ ഫാള്സുകളും കാണാം. അവയിലൊന്ന് പൈതല്‍മലയില്‍ നിന്നുള്ളതാണ്. വളഞ്ഞു തിരിഞ്ഞു കയറിയുള്ള ഒരു കിലോമീറ്ററോളമുള്ള യാത്രയ്ക്കു ശേഷം ഫാള്സിലെത്താം. മലയുടെ ഏകദേശം മധ്യത്തിലായുള്ള ഇവിടെ കുളിക്കാനുള്ള സൗകര്യമുണ്ട്. മഴക്കാലത്ത് വെള്ളം കൂടുന്നതും വഴുവഴുപ്പുള്ള പാറകളിലൂടെയുള്ള നടത്തവും ശ്രദ്ധിക്കേണ്ടതാണ്. കാടിന്റെ ഹൃദയത്തിലൂടെ കുളിരു പകര്‍ന്ന് തുള്ളിച്ചാടിയെത്തുന്ന വെള്ളത്തില്‍ കുളിച്ചും കളിച്ചും ആസ്വദിക്കുകയാണ് സഞ്ചാരികള്‍. മഞ്ഞും കോടയും ചാറ്റല്‍ മഴയും ഇടവിട്ട് വന്നതോടെ മലനിരകള്‍ക്ക് കൂടുതല്‍ സൗന്ദര്യമേകുന്നു. ചെളി നിറഞ്ഞ പാത, നീര്‍ച്ചാലുകള്‍, പാറക്കൂട്ടങ്ങള്‍, വഴിയരികിലൊരു കുളം, കവുങ്ങ്, തെങ്ങ്, വാഴത്തോട്ടങ്ങള്‍, വ്യൂ പോയിന്റ് എന്നിവ ഫാള്സിലേക്കുളള യാത്രയുടെ ഭാഗമാണ്. കണ്ണിനും കാതിനും കുളിര്‍മ്മയേകി, കിടിലന്‍ കാഴ്ചകളുമായി കാപ്പിമല സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്. തണുത്ത കാലാവസ്ഥയും ഏകാന്തതയും ട്രക്കിങ്ങും ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട ലൊക്കേഷനാണ് കാപ്പിമല. പൈതല്മലയിലേക്കുളള കവാടമായ കാപ്പിമലയിലെ അഞ്ച് നിലകളുള്ള ഈ വെള്ളച്ചാട്ടം ഒരപൂര്‍വ്വ ദൃശ്യം തന്നെയാണ്.
രാജന് മുനിയൂര്‍