ഇ-പോസ് സംവിധാനത്തിന്റെ തുടര്‍ച്ചയായുള്ള തകരാറുകള്‍ ഇനിയും പരിഹരിക്കപ്പെടാത്തത് റേഷന്‍ ഉപഭോക്താക്കളുടെ ആശങ്കകള്‍ ഇരട്ടിപ്പിക്കുകയാണ്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ തങ്ങള്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകുമോയെന്നാണ് ഇവരുടെ ആശങ്ക. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ- കെ.വൈ.സി മസ്റ്ററിംഗ് നടത്താനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കാലാവധി ഇക്കഴിഞ്ഞ ഞായറാഴ്ച അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ കേരളത്തിലെ ഭൂരിഭാഗം വരുന്ന ഉപഭോക്താക്കള്‍ക്കും മസ്റ്ററിംഗ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ സംവിധാനത്തിലെ തകരാറാണ് മസ്റ്ററിംഗ് മുടങ്ങാന്‍ ഇടവരുത്തിയത്. തകരാര്‍ പരിഹരിക്കാന്‍ സാധിക്കാതിരുന്നതോടെ മസ്റ്ററിംഗ് നിര്‍ത്തിവെക്കാന്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മസ്റ്ററിംഗ് നടത്താന്‍ സാധിക്കാതിരുന്നവര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സാവകാശം ലഭിക്കുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. മസ്റ്ററിംഗിന്റെ കാലാവധി നീട്ടണമെന്ന് കേരളം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കേരളത്തിന്റെ ഈ ആവശ്യത്തോട് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല. ഇതാണ് റേഷന്‍ ഉപഭോക്താക്കളെ അസ്വസ്ഥരാക്കുന്നത്. റേഷന്‍ വിതരണത്തിന്റെ മറവില്‍ തട്ടിപ്പും വെട്ടിപ്പും വര്‍ധിച്ചതോടെയാണ് ഇത് തടയുകയെന്ന ലക്ഷ്യത്തോടെ റേഷന്‍ കടകളില്‍ ഇ-പോസ് സംവിധാനമേര്‍പ്പെടുത്തിയത്. തട്ടിപ്പ് തടയുന്നതിനും കാര്‍ഡ് അംഗങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനും നേരിട്ട് റേഷന്‍ കടയിലെത്തി ഇ-പോസ് മെഷീനില്‍ വിരല്‍ അമര്‍ത്തി മസ്റ്ററിംഗ് നടത്താനാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്. അംഗങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ചുകൊണ്ടാണ് മസ്റ്ററിംഗ് നടത്തുന്നത്. റേഷന്‍ നല്‍കുന്നതിനായി കാര്‍ഡ് അംഗങ്ങളുടെ വിരല്‍ അമര്‍ത്തുമ്പോള്‍ പോലും ഇ-പോസ് മെഷീന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് തന്നെ കാര്‍ഡ് അംഗങ്ങള്‍ക്ക് റേഷന്‍ വിഹിതം ലഭിക്കാന്‍ ഏറെനേരം കാത്തുനില്‍ക്കേണ്ടിവരുന്നു. ദിവസം മുഴുവന്‍ കാത്തുനിന്നിട്ടും സാധനങ്ങള്‍ ലഭിക്കാതെ മടങ്ങിപ്പോകേണ്ട അവസ്ഥയുമുണ്ട്. ഇതിനിടയിലാണ് മസ്റ്ററിംഗ് കൂടി വന്നത്. ഇതോടെ ഇ-പോസ് സംവിധാനത്തിന്റെ അവസ്ഥ കൂടുതല്‍ ദയനീയമായിട്ടുണ്ട്. ആധാര്‍ സെര്‍വറുമായി ബന്ധം സ്ഥാപിക്കാനാകാതെ ഐ.ടി. മിഷന്റെ സെര്‍വര്‍ പ്രവര്‍ത്തനം തടസ്സപ്പെടുന്നതാണ് ഇ-പോസ് സംവിധാനം പണിമുടക്കാന്‍ ഇടവരുത്തുന്നത്. ആറുമുതല്‍ എട്ടുലക്ഷം പേര് വരെ ഇ-പോസ് സംവിധാനം വഴി റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നുണ്ട്. മസ്റ്ററിംഗ് കൂടി വന്നതോടെ റേഷന്‍ വിതരണ ഇടപാടുകള്‍ സ്തംഭിക്കാനാണ് അത് ഇടവരുത്തിയത്.കേരളത്തിലെ 1.54 കോടി അംഗങ്ങളില്‍ 90 ശതമാനം പേര്‍ക്കും മസ്റ്ററിംഗ് നടത്താന്‍ കഴിയാതെ വന്നപ്പോഴാണ് മെയ് 31 വരെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രം പുലര്‍ത്തുന്ന മൗനം ഉപഭോക്താക്കളില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നു. ഇ-പോസ് സംവിധാനം ഫലപ്രദമാക്കാനും മസ്റ്ററിംഗിന് കൂടുതല്‍ സാവകാശം നല്‍കാനും കേന്ദ്രം തയ്യാറാകണം.