ന്യൂഡെല്‍ഹി: ലക്ഷദ്വീപിലെ അപകടകരമായ കേന്ദ്ര ഇടപെടലില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എം.പി രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്ത് നല്കി. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് എളമരം കരീം എംപി കത്ത് നല്‍കിയത്. 99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ദ്വീപില്‍ തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ചുമതലയെറ്റെടുത്ത ഉടന്‍ തന്നെ കോവിഡ് പ്രതിരോധത്തിനായി ദ്വീപില്‍ നിലവിലുണ്ടായിരുന്ന എസ്ഒപി മാറ്റുകയും എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റുകയുമാണ് അദ്ദേഹം ചെയ്തത്. 2020 അവസാനം വരെ ഒരു കോവിഡ് കേസ് പോലും ഇല്ലാത്തിരുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ കോവിഡ് വളരെ വേഗം പടര്‍ന്നുപിടിക്കാന്‍ കാരണം ആശാസ്ത്രീയമായ ഈ തീരുമാനമാണ് എന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്. ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാന മാര്‍ഗ്ഗവും ലക്ഷ്യം വെച്ച് ദ്വീപില്‍ ഗോവധ നിരോധനം നടപ്പിലാക്കാനും തീരുമാനമെടുക്കുകയുണ്ടായി. ഭൂരിഭാഗവും മുസ്ലീങ്ങള്‍ അധിവസിക്കുന്ന ലക്ഷദ്വീപില്‍ ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്ഥാപനങ്ങളോ ഒന്നും ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഇത്തരം ഒരു നിയത്രണം കൊണ്ടുവന്നത് ദ്വീപിന്റെ സാംസ്കാരിക വൈവിധ്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ദ്വീപുകാര്‍ വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തെ മാത്രം ഇനി മുതല്‍ ആശ്രയിക്കണമെന്ന തീരുമാനവും അഡ്മിനിസ്ട്രേഷന് കൈക്കൊണ്ടിരുന്നു. ദ്വീപുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ബേപ്പൂരിനെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. കേരളവുമായുള്ള ലക്ഷദ്വീപ് ജനതയുടെ ബന്ധത്തെ ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഇത്തരത്തില്‍ ദ്വീപ് നിവാസികള്‍ക്കെല്ലാം ദോഷകരമായ തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏകാധിപതിയെപ്പോലെ തന്നിഷ്ടത്തിന് നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന ഈ അഡ്മിനിസ്ട്രേട്ടറെ എത്രയും വേഗം തിരിച്ചുവിളിക്കണമെന്നും അദ്ദേഹത്തിന്റെ ഭരണത്തില്‍ നിലവില്‍ വന്ന മുഴുവന്‍ തീരുമാനങ്ങളും പുനഃപരിശോധിച്ച് ജനവിരുദ്ധമായവ റദ്ദാക്കണമെന്നും എളമരം കരീം കത്തില്‍ ആവശ്യപ്പെട്ടു.