ബെംഗളൂരു: കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനെതിരെ കടുത്ത പ്രതിരോധ നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പ്രധാന നഗരമായ ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്പാര്‍ട്ട്മെന്റുകളിലും റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലും നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലക്കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലെ റാലികള്‍, പ്രതിഷേധ പ്രകടനങ്ങള്‍, മറ്റ് പരിപാടികള്‍ നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഷോപ്പിംഗ് മാളുകളിലും മറ്റും ആളുകള്‍ കൂട്ടം കൂടരുത്. സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്ന് വ്യാപാരികള്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യക്തമാക്കി.
നഗരത്തില്‍ വ്യാഴാഴ്ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ കമല്‍ പന്ത് വ്യക്തമാക്കി. ചൊവ്വാഴ്ച മാത്രം ആറായിരത്തില്‍ അധികം പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ ബാധിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പത്തിരട്ടിയിലധികം വര്‍ധനവാണിത്.