മുംബൈ: അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും വാക്സിന് നല്കുന്നതില് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരനോട് ടൈറ്റാനിക് സിനിമ കണ്ടിട്ടുണ്ടോ എന്ന് കോടതി. മുംബൈ സ്വദേശികളായ അഭിഭാഷകരാണ് കോവിഡ് വാക്സിന് നല്കുന്നതില് അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും മുന്‍ഗണന വേണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഈ ആവശ്യം സ്വാര്‍ഥതയാണെന്നും താങ്കള്‍ ടൈറ്റാനിക് സിനിമ കണ്ടിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ‘ടൈറ്റാനിക് എന്ന സിനിമ കണ്ടിട്ടുണ്ടോ നിങ്ങള്‍? ആ കപ്പലിന്റെ ക്യാപ്റ്റനെ ഓര്മ ഉണ്ടോ? എല്ലാവരെയും കപ്പലില്‍ നിന്ന് മാറ്റുന്നതുവരെ അയാള്‍ കാത്തുനിന്നു. ആദ്യം എല്ലാവര്ക്കും വാക്സിന് കിട്ടട്ടെ. എന്നിട്ട് മതി ജുഡീഷ്യറിക്ക്. ഞാനാണ് ഇവിടെ ക്യാപ്റ്റന്‍’- ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വ്യക്തമാക്കി.
കോവിഡ് മുന്നണി പോരാളികള്‍ക്ക് മുന്‍ഗണന നല്കി വാക്സിന് നല്‍കുന്നുണ്ട്. അഭിഭാഷകരെയും ജഡ്ജിമാരെയും ഈ വിഭാഗത്തില്‍പ്പെടുത്തി വാക്സിന് പെട്ടെന്ന് ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. അഭിഭാഷകരായ വൈഷ്ണവിയും യോഗേഷുമാണ് കോടതിയെ സമീപിച്ചത്. കോവിഡ് മഹാമാരിക്കാലത്തും ഹൈക്കോടതി പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈറസ് ബാധ ഭയക്കാതെ ജഡ്ജിമാരും അഭിഭാഷകരും മറ്റ് സ്റ്റാഫുകളും പ്രവര്‍ത്തിച്ചെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ശുചീകരണ തൊഴിലാളികളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ആ സമയത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അവര്‍ക്ക് വേണ്ടി എന്തുകൊണ്ട് പൊതുതാല്പര്യ ഹരജി ഫയല്‍ ചെയ്തില്ലെന്നും കോടതി ചോദിച്ചു. നയ രൂപീകരണം ഏകപക്ഷീയമാണെങ്കില്‍ മാത്രമേ കോടതി ഇടപെടൂ. കോവിഡ് വാക്സിന് വിതരണത്തിന്റെ കാര്യത്തില്‍ നയത്തില്‍ എന്താണ് തെറ്റായിട്ടുള്ളതെന്ന് പറയൂ എന്നും കോടതി വ്യക്തമാക്കി.