ന്യൂഡെല്‍ഹി: രാജ്യത്ത് സ്വര്‍ണ്ണവില നേരിയ തോതില്‍ കുറവ് രേഖപ്പെടുത്തി. 112 രൂപ കുറഞ്ഞ് പവന് 35,944 രൂപയായി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന വിലയിലെ ചാഞ്ചാട്ടമാണ് ഇന്നും പ്രതിഫലിച്ചത്. ഗ്രാമിന് 14 രൂപ കുറഞ്ഞ് 4493 രൂപയായി. രാജ്യാന്തര വിപണിയിലെ കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ച് കുതിച്ചിരുന്നങ്കിലും വര്ഷാവസാത്തോടെ കുറയുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ 42000 എത്തിയിരുന്നു. സ്വര്‍ണത്തിന്റെ നിക്ഷേപ സാധ്യത ആളുകള്‍ തിരിച്ചറിഞ്ഞതാണ് വിലവര്‍ധനവിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. ലോകത്തെ പിടിച്ചുലച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം 2008 മുതലാണ് സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ആളുകള്‍ ഗൗരവമായി കണ്ടു തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. ഇതിനു ശേഷമാണ് സ്വര്‍ണ്ണവിലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായത്.