ന്യൂഡല്‍ഹി: തുറന്ന മനസോടെ വരികയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകള്‍. തലസ്ഥാനത്ത് കൊടുംതണുപ്പിലും കൂസാതെയുള്ള സമരം ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് നീക്കം. ഇതുസംബന്ധിച്ച് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കര്‍ഷക സംഘടനകളുടെ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കേന്ദ്രം അയച്ച കത്തിന് മറുപടിയായാണ് കര്‍ഷകര്‍ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞദിവസം സംഘടനകളെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയമാണ് കര്‍ഷക സംഘടനകള്‍ക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്. ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം കത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ കേന്ദ്രം തുറന്നമനസോടെയും ഉദ്ദേശ ശുദ്ധിയോടെയും മുന്നോട്ടുവന്നാല്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നാണ് കര്‍ഷകര്‍ മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന കര്‍ഷക സംഘടനകളുടെ ഏകോപന സമിതി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാരിനെ അറിയിച്ചത്. ചര്‍ച്ചയില്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്നതില്‍ ഉറച്ചുനില്‍ക്കുമെന്ന് കര്‍ഷക സംഘടന ഏകോപന സമിതി അറിയിച്ചു.
താങ്ങുവില ഉറപ്പാക്കുന്ന പുതിയ നിയമം പാസാക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കാര്‍ഷിക മന്ത്രാലയത്തെ കര്‍ഷകര്‍ അറിയിച്ചിരുന്നു. നിയമങ്ങളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ നുണകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്നാണ് കഴിഞ്ഞദിവസം കൃഷിമന്ത്രാലയത്തെ കര്‍ഷകര്‍ അറിയിച്ചത്.