ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് സമരം നടത്തുന്ന കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ റിപബ്ലിക് ദിനത്തില്‍ നടത്താനിരുന്ന ട്രാക്ടര്‍ റാലിക്ക് ഡെല്‍ഹി പോലീസ് അനുമതി നല്കി. നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും നിയമം പിന്‍വലിക്കാനുള്ള ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് റിപബ്ലിക് ദിനത്തില്‍ പ്രതിഷേധ റാലി നടത്താന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
റിപബ്ലിക് ദിന ചടങ്ങിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നായിരുന്നു നേരത്തെ നല്കിയ മുന്നറിയിപ്പ്. എന്നാല്‍ റിപബ്ലിക് ദിന പരേഡിനെ തടസപ്പെടുത്തില്ലെന്നും സമാധാനപരമായിട്ടായിരിക്കും റാലിയെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. റാലിയില്‍ പങ്കെടുക്കുന്നവര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കര്‍ഷക നേതാക്കളുമായി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ 11ാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഒന്നര വര്‍ഷത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം കര്‍ഷക സംഘടനകള്‍ നേരത്തെ നിരസിച്ചിരുന്നു. കര്‍ഷക റാലി തടയണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി നേരത്തെ നിരാകരിച്ചിരുന്നു.