എക്കാലവും മലയാളികള്‍ ഓര്‍ത്തെടുക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ നെടുമുടിവേണു ഓര്‍മ്മയായിരിക്കുകയാണ്. സിനിമ മാത്രമല്ല, നാടകം, സംഗീതം തുടങ്ങി നെടുമുടി വേണു കൈവെക്കാത്ത മേഖലകളില്ല. നാല് പതിറ്റാണ്ട് നീണ്ട അഭിനയ സപര്യയില്‍ മുപ്പതുകളുടെ ചെറുപ്പത്തെ മുതല്‍ എഴുപതുകളുടെ വാര്‍ധക്യത്തെ വരെ അവതരിപ്പിച്ച് വിജയിക്കുന്നതില്‍ നെടുമുടി വേണു കാണിച്ച മിടുക്ക് മലയാളികള്‍ എക്കാലവും ഓര്‍മ്മിപ്പിക്കും. അരവിന്ദന് മുതല്‍ പ്രിയദര്ശന് വരെയുള്ള തലമുറകളുടെ അഞ്ഞൂറിലേറെ സിനിമകളിലായി പടര്‍ന്നു കിടക്കുന്നു നെടുമുടിയുടെ നടന ചരിത്രം. നാട്ടു നന്മയുടെ പാരമ്പര്യം നഷ്ടമായിട്ടില്ലാത്ത ഗ്രാമീണതയുടെ ആള്‍രൂപമായിരുന്നു നെടുമുടി. നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യ നടനുമായെല്ലാം അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എപ്പോഴും നമ്മുടെ മനസില്‍ തങ്ങി നില്ക്കുമെന്നതില് സംശയമില്ല. നാടകവേദിയില്‍ നിന്നാണ് നെടുമുടി വേണു സിനിമയിലെത്തുന്നത്. അനന്യമായ അഭിനയശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ എണ്ണം പറഞ്ഞ നടന്മാരിലൊരാളാകാന്‍ വേണുവിന് കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്ന് തവണയും സംസ്ഥാന ചലച്ചിത്രപുരസ്കാരം ആറ് തവണയും നേടി. മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് സാംസ്കാരിക, കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായത്. തിരുവനന്തപുരത്തേക്ക് ചേക്കേറിയതോടെയാണ് സിനിമയില്‍ സജീവ സാന്നിധ്യമറിയിച്ചത്. അരവിന്ദന്, പത്മരാജന്, ഭരതന്, ജോണ്‍ അബ്രഹാം തുടങ്ങിയവരുമായി സൗഹൃദം സ്ഥാപിക്കുകയും 1978ല്‍ അരവിന്ദന്റെ ‘തമ്പി’ലൂടെ സിനിമയിലെത്തുകയും ചെയ്തു. പിന്നീട് ഭരതന്റെ ആരവവും തകരയും വേണുവിനെ അഭിനേതാവ് എന്ന നിലയില്‍ പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം പിന്നീട് തിളങ്ങിയത് നെടുമുടിവേണുവായിരുന്നു. 1990 ല്‍ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുല്ല എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. 2003ല്‍ പുറത്തിറങ്ങിയ ‘മാര്‍ഗം’ എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഭരതന് സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാര്‍ഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വേണുവിനെത്തേടിയെത്തി. ചാമരം, ഒരിടത്തൊരു ഫയല്വാന്, കള്ളന് പവിത്രന്, വിടപറയും മുമ്പേ, യമനിക, എനിക്ക് വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരുവാക്ക്, പഞ്ചവടിപ്പാലം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുല്ല, ഭരതം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, സൈറ, മാര്‍ഗം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളെ അനശ്വരനാക്കിയ നെടുമുടി വേണു തിരക്കഥാ രചനാ രംഗത്തും അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ട്. നടന് ഗോപിയെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് നിര്‍മ്മിച്ച കാറ്റത്തെ കിളിക്കൂട് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. ഇതിന്റെ തിരക്കഥ വേണുവിന്റേതായിരുന്നു. ഒരു കഥ നുണക്കഥ, സവിധം, തീര്‍ത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകള്‍ക്കും വേണു തിരക്കഥയെഴുതി. സ്വതസിദ്ധമായ അഭിനയവും ശരീര ഭാഷയും അവതരണത്തിലെ വ്യത്യസ്തതയുമാണ് നെടുമുടി വേണുവിനെ മറ്റ് നടന്മാരില് നിന്ന് വ്യത്യസ്തനാക്കിയത്. ഗൗരവമേറിയ കഥാപാത്രങ്ങളും ഹാസ്യവേഷങ്ങളും ഒരു പോലെ വഴങ്ങുന്ന അപൂര്‍വ്വ പ്രതിഭകളില്‍ ഒരാളായിരുന്നു നെടുമുടി. നാടകക്കളരി സിനിമയ്ക്ക് സമ്മാനിച്ച ഒരു ബഹുമുഖ പ്രതിഭയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. പ്രണാമം.