എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള കാത്തിരിപ്പിലാണ്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികളെയെല്ലാം ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് ഇക്കാര്യത്തില്‍ നിലവിലവുള്ളത്. സംസ്ഥാനത്ത് പ്ലസ്‌വണ്‍ അധികബാച്ചുകള്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് അരലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളുടെ പ്ലസ്‌വണ്‍ പ്രവേശനത്തിന് വിലങ്ങുതടിയായി മാറുമെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം. ഈ വിഷയത്തില്‍ പ്രതിപക്ഷവുമായും അധ്യാപക സംഘടനകളുമായും ചര്‍ച്ചനടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്. മ
ലപ്പുറത്തും കാസര്‍കോട് ജില്ല അടക്കമുള്ള മറ്റ് മലബാര്‍ മേഖലകളിലുമായി എസ്.എസ്.എല്‍.സി കഴിഞ്ഞ് പ്ലസ്‌വണ്‍ പ്രവേശനം കാത്തിരിക്കുന്ന അരലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലാണ്. അധികബാച്ചുകള്‍ അനുവദിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയും. എന്നാല്‍ അധികബാച്ചുകള്‍ അനുവദിക്കാനാകില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരിക്കുന്നത്. ഉപരിപഠനത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഈ പ്രശ്നം വലിയ മാനസിക സമ്മര്‍ദ്ദത്തിനാണ് ഇടവരുത്തിയിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥികളെ ആശ്വസിപ്പിക്കാനാകാതെ രക്ഷിതാക്കള്‍ വിഷമിക്കുകയാണ്.
വര്‍ഷങ്ങള്‍ കടന്നുചെല്ലുന്തോറും വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിക്കൂടിവരികയാണ്. അതിനനുസരിച്ച് സീറ്റുകളുടെ വര്‍ധനവ് ഉണ്ടാകേണ്ടതും അനിവാര്യമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേതിലും കൂടുതല്‍ വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ എണ്ണവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിവില്ലെങ്കില്‍ പിന്നെ അവര്‍ എന്ത് ചെയ്യുമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്. വിജയിച്ചവരില്‍ വലിയൊരു ശതമാനവും സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുടര്‍ പഠനം നടത്തുന്നതിനുള്ള സാമ്പത്തികശേഷി ഇവരില്‍ പലര്‍ക്കുമില്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കാനുള്ള അവസരം ഇവര്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകരുത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്ലസ്‌വണ്‍ പഠനം മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നൊരു കാലഘട്ടം കൂടിയാണിത്. അത്തരമൊരു മികവാര്‍ന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പഠനനിലവാരം മെച്ചപ്പെടുത്താനുള്ള അവകാശം വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. സീറ്റുകള്‍ വര്‍ധിപ്പിച്ചതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ല. ബാച്ചുകളുടെ കാര്യത്തിലാണ് വര്‍ധനവുണ്ടാകേണ്ടത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ അടിയന്തിര ഇടപെടലുണ്ടാകണം. അധിക ബാച്ചുകള്‍ അനുവദിക്കില്ലെന്ന നിലപാടില്‍ കാര്യമായ പുനഃപരിശോധന ഉണ്ടാകണം. എത്രയും വേഗം പ്രശ്നം പരിഹരിച്ച് പ്ലസ്‌വണ്‍ പ്രവേശനം സുഗമമാക്കണം.