ദേശീയപാത നിര്‍മ്മാണപ്രവൃത്തിക്കിടയിലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. കാസര്‍കോട് ജില്ലയില്‍ ഇത്തരത്തിലുള്ള രണ്ട് അപകടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. 2022 ഒക്ടോബര്‍ 29ന് പുലര്‍ച്ചെയാണ് പെരിയ അടിപ്പാതയുടെ മേല്‍പ്പാളി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കെ തകര്‍ന്നുവീണത്. കഴിഞ്ഞ ദിവസം പുല്ലൂരില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ദേശീയപാതയുടെ ഭാഗമായി വളവുകള്‍ കുറയ്ക്കുന്നതിന് വേണ്ടിയാണ് പുല്ലൂരില്‍ പാലം നിര്‍മ്മിച്ചുവരുന്നത്. ഈ പാലത്തിന്റെ നിര്‍മ്മാണത്തിലുള്ള അഞ്ച് ഗര്‍ഡറുകളും സ്ലാബുമാണ് ബുധനാഴ്ച വൈകിട്ട് തകര്‍ന്നുവീണത്.
പെരിയയില്‍ അടിപ്പാതയുടെ മേല്‍പ്പാളി തകര്‍ന്ന സംഭവത്തില്‍ അധികൃതര്‍ അന്വേഷണം നടത്തിയെങ്കിലും അപകടത്തിലേക്ക് നയിച്ച കാരണമെന്തെന്നതില്‍ വ്യക്തത വന്നിട്ടില്ല. നിര്‍മ്മാണത്തിലെ അപാകതയോ കരാറുകാരുടേയോ തൊഴിലാളികളുടേയോ ഭാഗത്തുനിന്നുണ്ടായ വീഴ്ചയോ ആകാം അടിപ്പാതയിലുണ്ടായ അപകടത്തിന് കാരണമെന്ന വ്യത്യസ്ത നിഗമനങ്ങള്‍ ഉയര്‍ന്നുവെന്നല്ലാതെ അടിസ്ഥാന കാരണം കണ്ടെത്താന്‍ സാധിച്ചില്ല. അപകടം നടക്കുമ്പോള്‍ അടിപ്പാതയുടെ ഭാഗത്ത് കൂടുതല്‍ ആളുകള്‍ ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. മൂന്ന് മറുനാടന്‍ തൊഴിലാളികള്‍ക്ക് അന്നത്തെ അപകടത്തില്‍ നിസ്സാര പരിക്കേറ്റിരുന്നു. സമാന സാഹചര്യം തന്നെയായിരുന്നു പുല്ലൂരിലും. പാലത്തിന്റെ ഒരു ഭാഗം തകരുന്ന സമയത്ത് ആരും ഇല്ലാതിരുന്നതിനാല്‍ ഇവിടെയും വലിയൊരു ദുരന്തം വഴിമാറിപ്പോകുകയായിരുന്നു. ആളപായം ഉണ്ടായില്ലെന്നത് കൊണ്ടുമാത്രം രണ്ട് അപകടങ്ങളുടെയും ഗൗരവസ്വഭാവത്തെ കുറച്ചുകാണാന്‍ സാധിക്കില്ല. ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയും കെടുകാര്യസ്ഥതയും തന്നെയാണ് രണ്ട് അപകടങ്ങളിലും പ്രതിഫലിക്കുന്നത്. ദേശീയപാതാ വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സ്വാഗതാര്‍ഹം തന്നെയാണ്. അതോടൊപ്പം അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത കൂടി കാണിക്കേണ്ടതുണ്ട്. പുല്ലൂരില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണതിന്റെ കാരണം അറിയില്ലെന്നും ഇതുസംബന്ധിച്ച് പുറത്തുള്ള ഏജന്‍സി അന്വേഷിക്കുമെന്നുമാണ് പാലത്തിന്റെ നിര്‍മ്മാണച്ചുമതലയുള്ള മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പെരിയ അടിപ്പാത തകര്‍ന്ന സംഭവത്തിലെ അന്വേഷണം പോലെ ഇതും എങ്ങുമെത്താതെ പോകുമൊയെന്ന സംശയമാണ് ബാക്കിനില്‍ക്കുന്നത്. രണ്ട് സംഭവങ്ങളും വലിയ ദുരന്തങ്ങള്‍ക്ക് കാരണമായിരുന്നുവെങ്കില്‍ ആര് സമാധാനം പറയുമായിരുന്നുവെന്ന ചോദ്യം ഇവിടെ ആവര്‍ത്തിക്കപ്പെടുകയാണ്.
ദേശീയപാത നിര്‍മ്മാണ പ്രവൃത്തി തൊഴിലാളികളുടെയും യാത്രക്കാരുടെയും സുരക്ഷ കൂടി കണക്കിലെടുത്ത് വേണം മുന്നോട്ട് കൊണ്ടുപോകാന്‍. ഇനി ഇതുപോലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന വിധത്തിലുള്ള ശക്തമായ നടപടികളും പരിഹാരങ്ങളുമാണ് ഉണ്ടാകേണ്ടത്. നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ ബലക്ഷയമില്ലാത്തതും ഗുണനിലവാരമുള്ളതുമാണെന്നും ഉറപ്പുവരുത്തണം.