കാസര്‍കോട്: കനത്ത മഴ തുടരുന്ന ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദേശിച്ചു. സംസ്ഥാന, ദേശീയ പാതയോരങ്ങളിലുള്‍പ്പെടെ അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു. ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തിര നടപടി സ്വീകരിക്കാന്‍ വനംവകുപ്പ്, പൊതുമരാമത്ത്, അഗ്നി രക്ഷാ സേന വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്കി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പു വരുത്തും. കാലതാമസമില്ലാതെ പ്രശ്നം പരിഹരിക്കുന്നതിന് ആര്‍ഡിഒക്കും സബ് കലക്ടര്‍ക്കും നിര്‍ദേശം നല്കി. ആവശ്യമെങ്കില്‍ പ്രാദേശിക സഹായം ലഭ്യമാക്കാമെന്ന് തദ്ദേശ സ്ഥാപന പ്രതിനിധികള്‍ അറിയിച്ചു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തീരദേശത്തും മലയോര മേഖലയിലും ജാഗ്രതാ നിര്‍ദേശം നല്കി. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ രാത്രിയാത്ര പരമാവധി ഒഴിവാക്കണം. ചന്ദ്രഗിരി, പയസ്വിനി, തേജസ്വിനി പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നത് നിരോധിച്ചിട്ടുണ്ട്. വെള്ളക്കെട്ടുണ്ടാകുകയാണെങ്കില്‍ മൊഗ്രാല്‍ പുത്തൂരിലെ അഴിമുഖവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് ഇറിഗേഷന്‍ വകുപ്പിനും യോഗം നിര്‍ദേശം നല്കി. നിലവില്‍ എല്ലാ താലൂക്കുകളിലലും ഐആര്‍എസ് യോഗം ഓണ്‍ലൈനില്‍ അടിയന്തിരമായി വിളിച്ചു ചേര്‍ക്കാനും നിര്‍ദേശം നല്കി.
യോഗത്തില്‍ എഡിഎം എകെ രമേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്, ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ്, പഞ്ചായത്ത്-മുന്‍സിപ്പല്‍ അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍, ഡപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
അതേസമയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കണ്ട്രോള് റൂം തുറന്നു. ഫോണ്‍: 04994 257700. മൊബൈല്‍ : 9446601700
താലൂക്ക് കണ്ട്രോള് റൂം നമ്പറുകള്‍
കാസര്‍കോട് – 04994-230021/ 9447030021
മഞ്ചേശ്വരം – 04998-244044/ 8547618464
ഹോസ്ദുര്‍ഗ് – 04672-204042/ 9447494042
വെള്ളരിക്കുണ്ട് – 04672-242320/ 8547618470