മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രി സഭ ഇന്ന് വൈകിട്ട് അധികാരമേല്ക്കുകയാണ്. ഒരു മുന്നണിക്കും തുടര്‍ ഭരണം അനുവദിച്ചു നല്‍കാത്ത കേരള ജനത കഴിഞ്ഞ 40 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതു മുന്നണിക്ക് തുടര്‍ഭരണത്തിനുള്ള അനുമതി നല്‍കിയത്. വിവാദങ്ങളുടെ കൊടുങ്കാറ്റും കോവിഡ് മഹാമാരിയും ഒക്കെ മറി കടന്നാണ് ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്തിയിരിക്കുന്നത്. സമാനതകളില്ലാത്ത അനുഭവ സാക്ഷ്യങ്ങളിലൂടെയാണ് അഞ്ചുവര്‍ഷം കടന്നു പോയത്. ജനവിധിക്ക് മുന്നില്‍ വന്നുനിന്ന സര്‍ക്കാരിനും മുഖ്യമന്ത്രിപിണറായി വിജയനും മുന്നില്‍ ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. കേരളത്തിന്റെ പാരിസ്ഥിതിക സാമൂഹിക അന്തരീക്ഷം മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിന്റെ കുരുക്കിട്ടുമുറുക്കലും അതിജീവിച്ചാണ് ഇടതുമുന്നണി വെന്നിക്കൊടി പാറിച്ചത്. ഉറച്ചവാക്കും നിശ്ചയദാര്‍ഢ്യവുമായിരുന്നു പിണറായി വിജയന്റെ ഉള്‍ക്കരുത്ത്. പാര്‍ട്ടിയും സര്‍ക്കാരും പരസ്പര പൂരകമായി പ്രവര്‍ത്തിച്ചു. വിവിധ ആരോപണങ്ങളില്‍ കുടുങ്ങി വിശ്വസ്തനായ ഇ.പി. ജയരാജന് മുതല്‍ ബന്ധുനിയമന വിവാദത്തില്‍ ഉള്‍പ്പെട്ട് ഏറ്റവുമൊടുവില്‍ കെ.ടി. ജലീലിന് വരെ രാജിവെച്ചിറങ്ങേണ്ടിവന്നപ്പോഴും പിണറായി വിജയന് ഒട്ടും കുലുങ്ങിയില്ല. കിറ്റും ക്ഷേമ പെന്‍ഷനും അടക്കം സാധാരണക്കാരന്റെ മനസിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇടതു ഭരണത്തിന് സാധിച്ചു. തുടര്ഭരണത്തിലെത്തിയപ്പോഴും പുതിയൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് പിണറായി വിജയന്. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന എല്ലാവരെയും മാറ്റി പുതുമുഖങ്ങളെയാണ് ഭരണമേല്പ്പിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിക്കെതിരെ ശക്തമായി പൊരുതി ലോകരാജ്യങ്ങളുടെയെല്ലാം കയ്യടിനേടിയ ശൈജലടീച്ചറെയടക്കം മാറ്റിനിര്‍ത്തിയാണ് പുതിയ ടീമിനെ അവരോധിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുവത്വത്തിനാണ് പ്രാധാന്യം നല്‍കിയത്. അതുകൊണ്ട് തന്നെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും തലപ്പത്തെത്തിയത് ചുറുചുറുക്കുള്ള യുവാക്കളും യുവതികളുമായിരുന്നു. അതേ വഴിയിലേക്ക് തന്നെയാണ് ഇപ്പോള്‍ ഭരണത്തെയും കൊണ്ടുവന്നിരിക്കുന്നത്. കഴിവും പ്രാഗത്ഭ്യവും തെളിയിച്ച ഒരു യുവ നിരയാണ് അധികാരമേല്‍ക്കുന്നത്. കേരളത്തിന്റെ നാല്‍പ്പതുവര്‍ഷത്തെ ചരിത്രം മാറ്റിയെഴുതിയ ജനങ്ങള്‍ക്ക് ഒരു നല്ല ഭരണം കാഴ്ചവെക്കാന്‍ സാധിക്കുമെന്നതില്‍ തര്‍ക്കമില്ല. അതിലൂടെ മാത്രമേ ജനങ്ങളോട് ഭീതിപുലര്ത്താനാവൂ. വികസനാത്മകവും ജനോപകാര പ്രദവുമായ നിര്‍വ്വഹണത്തിലൂടെ മാത്രമേ അത് സാധ്യമാക്കാനാവൂ. നിശ്ചയദാര്‍ഢ്യമുള്ള ഒരു ക്യാപ്റ്റനും യുവ സാരഥികള്‍ക്കും അതിന് കഴിയണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിവാദങ്ങളും ആരോപണങ്ങളും പാഠമാകണം. അത്തരം വഴികളിലേക്ക് നീങ്ങുന്നവരെ അപ്പോള്‍ തന്നെ മാറ്റി നിര്‍ത്താനും തടയിടാനും കഴിയണം. കോവിഡ് മഹാമാരിയും പ്രളയവും കേരളത്തെ താറുമാറാക്കിയിരിക്കുകയാണ്. അതിനെയൊക്കെ അതിജീവിച്ച് മുന്നേറുക എന്നത് നിസാര കാര്യമല്ല. കിഫ്ബിയില്‍ നിന്നും മറ്റ് ധനകാര്യ സ്രോതസുകളില്‍ നിന്നുമൊക്കെ കടമെടുത്ത് വലിയ സാമ്പത്തിക ബാധ്യതയും ഡമോക്ലീസിന്റെ വാള് പോലെ തലയ്ക്ക് മുകളില്‍ തൂങ്ങിനില്‍ക്കുന്നുണ്ട്. അതില്‍ നിന്നൊക്കെ അതി ജീവിക്കാന്‍ കഴിയണം. ചെലവ് ചുരുക്കി മുണ്ട് മുറുക്കി ജീവിക്കണമെന്ന് പലരും പറയാറുണ്ടെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യത്തിലേക്ക് എത്താറില്ല. എന്തായാലും ചരിത്രം കുറിച്ച് ജനങ്ങള്‍ ഇടതുമുന്നണിയെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ കഴിയണം.