സ്‌നേഹമുള്ള സിംഹം
ചില ധാര്‍ഷ്ട്യങ്ങളെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകുന്നത് അവരുടെ നിഷ്‌കളങ്കതകൊണ്ടാണ്. ഇ.കെ നായനാര്‍ എന്തുവിളിച്ചാലും ആരും പരിഭവിക്കാത്തത് ആ മനസ്സിന്റെ നൈര്‍മല്യം അറിയാവുന്നത് കൊണ്ടായിരുന്നു. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ പല കോണുകളില്‍ നിന്നും പലതരത്തിലും കാണുന്നവരുണ്ട്. കര്‍ക്കശക്കാരന്‍, ഏകാധിപതി, ഇരട്ടച്ചങ്കന്‍, കരുത്തന്‍, തന്റേടി എന്നുതുടങ്ങി ഇത്രമാത്രം, നല്ലതും അല്ലാത്തതുമായ വിശേഷണങ്ങള്‍ ചാര്‍ത്തപ്പെട്ട മറ്റൊരു നേതാവ് ഉണ്ടാവില്ല. ചിരിക്കുന്ന പിണറായി വിജയനെ നമ്മള്‍ അപൂര്‍വ്വമായി മാത്രമേ കാണാറുള്ളു. എന്നാല്‍ സ്‌നേഹവും കരുതലും കൊണ്ട് അദ്ദേഹം ലക്ഷോപലക്ഷം മലയാളികളുടെ ഹൃദയത്തില്‍ നിലാപുഞ്ചിരിയായാണ് […]
ചില ധാര്‍ഷ്ട്യങ്ങളെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകുന്നത് അവരുടെ നിഷ്‌കളങ്കതകൊണ്ടാണ്. ഇ.കെ നായനാര്‍ എന്തുവിളിച്ചാലും ആരും പരിഭവിക്കാത്തത് ആ മനസ്സിന്റെ നൈര്‍മല്യം അറിയാവുന്നത് കൊണ്ടായിരുന്നു. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ പല കോണുകളില്‍ നിന്നും പലതരത്തിലും കാണുന്നവരുണ്ട്. കര്‍ക്കശക്കാരന്‍, ഏകാധിപതി, ഇരട്ടച്ചങ്കന്‍, കരുത്തന്‍, തന്റേടി എന്നുതുടങ്ങി ഇത്രമാത്രം, നല്ലതും അല്ലാത്തതുമായ വിശേഷണങ്ങള്‍ ചാര്‍ത്തപ്പെട്ട മറ്റൊരു നേതാവ് ഉണ്ടാവില്ല. ചിരിക്കുന്ന പിണറായി വിജയനെ നമ്മള്‍ അപൂര്‍വ്വമായി മാത്രമേ കാണാറുള്ളു. എന്നാല്‍ സ്‌നേഹവും കരുതലും കൊണ്ട് അദ്ദേഹം ലക്ഷോപലക്ഷം മലയാളികളുടെ ഹൃദയത്തില്‍ നിലാപുഞ്ചിരിയായാണ് […]

ചില ധാര്‍ഷ്ട്യങ്ങളെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകുന്നത് അവരുടെ നിഷ്‌കളങ്കതകൊണ്ടാണ്. ഇ.കെ നായനാര്‍ എന്തുവിളിച്ചാലും ആരും പരിഭവിക്കാത്തത് ആ മനസ്സിന്റെ നൈര്‍മല്യം അറിയാവുന്നത് കൊണ്ടായിരുന്നു.
പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ പല കോണുകളില്‍ നിന്നും പലതരത്തിലും കാണുന്നവരുണ്ട്. കര്‍ക്കശക്കാരന്‍, ഏകാധിപതി, ഇരട്ടച്ചങ്കന്‍, കരുത്തന്‍, തന്റേടി എന്നുതുടങ്ങി ഇത്രമാത്രം, നല്ലതും അല്ലാത്തതുമായ വിശേഷണങ്ങള്‍ ചാര്‍ത്തപ്പെട്ട മറ്റൊരു നേതാവ് ഉണ്ടാവില്ല. ചിരിക്കുന്ന പിണറായി വിജയനെ നമ്മള്‍ അപൂര്‍വ്വമായി മാത്രമേ കാണാറുള്ളു. എന്നാല്‍ സ്‌നേഹവും കരുതലും കൊണ്ട് അദ്ദേഹം ലക്ഷോപലക്ഷം മലയാളികളുടെ ഹൃദയത്തില്‍ നിലാപുഞ്ചിരിയായാണ് നിറഞ്ഞുനില്‍ക്കുന്നത്. കര്‍ക്കശക്കാരനാണെന്ന് പരിഭവിക്കുമ്പോഴും പിണറായി വിജയന്റെ ഹൃദയത്തില്‍ നിന്നൊഴുകുന്ന കരുണയുടേയും ആര്‍ദ്രതയുടേയും പ്രവാഹത്തെ ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. എന്തൊക്കെ പരാതികളുണ്ടെങ്കിലും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി പതുക്കെപ്പതുക്കെ എതിരാളികളുടേയും ഇഷ്ടഭാജനമായി മാറിത്തുടങ്ങിയിട്ടുണ്ടെന്ന സത്യം ആരും നിഷേധിക്കാന്‍ ഇടയില്ല.
കാര്‍ക്കശ്യത്തിന്റെ തൊഴുത്തില്‍ അദ്ദേഹത്തെ കെട്ടാന്‍ ശ്രമിക്കുമ്പോഴും മികച്ചൊരു ഭരണാധികാരിയാണ് പിണറായി വിജയനെന്ന് സമ്മതിക്കാന്‍ കേരളത്തിന് മടിയില്ല. പ്രളയം അടക്കമുള്ള ദുരന്തവേളകളിലും നിപ്പയും കോവിഡും അടക്കമുള്ള മഹാമാരിയുടെ പ്രളയത്തിലും കേരള ജനതയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് സംരക്ഷിക്കാന്‍ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി കാണിച്ച ആര്‍ജ്ജവവും കരുതലും ചരിത്രം മറക്കില്ല. തുടര്‍ ഭരണത്തിന്റെ താക്കോല്‍ കേരളം അദ്ദേഹത്തെ ഏല്‍പ്പിച്ചത് വികസനത്തിന്റെ പേരില്‍ മാത്രമല്ല, ദുരന്തവേളകളില്‍ തങ്ങള്‍ക്ക് കരുത്തും ധൈര്യവും പകരാന്‍ ഒരു നായകനുണ്ട് എന്ന തിരിച്ചറിവില്‍ നിന്നുകൂടിയാണ്.
അധികാരത്തിന്റെ ശീതളിമയില്‍ പിണറായി വിജയന്‍ ഒരിക്കല്‍ പോലും അഭിരമിച്ചുപോയിട്ടില്ല. സദാ ജാഗരൂകനായി, ഏത് ആപത്തിലും എത്രവലിയ ദുരന്തത്തിലും തന്റെ ജനതയെ അദ്ദേഹം ചിറകിനടിയില്‍ ചേര്‍ത്തുവെച്ച് കാത്തുരക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാവരേയും വശീകരിച്ച് ഒപ്പം നിര്‍ത്തുക എന്ന പതിവ് രീതികളെ അദ്ദേഹം തല്ലിയൊടിച്ചു. മാധ്യമ പ്രവര്‍ത്തകരോട് പോലും അനാവശ്യ കൂട്ടുകെട്ടിന് പോയില്ല എന്നു മാത്രമല്ല നിലപാടുകളുടെ പേരില്‍ പലപ്പോഴും അവരെ പിണക്കുകയും ചെയ്തിട്ടുണ്ട്. പറയേണ്ടത് പറയേണ്ടിടത്ത് കടുപ്പിച്ച് തന്നെ പറയാന്‍ അദ്ദേഹത്തിന് ചങ്കൂറ്റമുണ്ടായത് മടിയില്‍ കനമില്ലാത്തത് കൊണ്ടാണെന്ന് കാലം തെളിയിക്കുകയും 'ഇറങ്ങേണ്ട... തുടര്‍ന്നോളു' എന്നു പറഞ്ഞ് കേരളം അദ്ദേഹത്തിന് തുടര്‍ ഭരണം ഏല്‍പ്പിക്കുകയും ചെയ്തതിനെ ചരിത്രമെന്നോ ആകസ്മികമെന്നോ എന്തു പേരിട്ടുവിളിച്ചാലും ഇത് പിണറായി വിജയന്റെ മാത്രം വിജയമാണ്.
ആ മുഖത്ത് പുഞ്ചിരി വിരിയാന്‍ മടിക്കുന്നുണ്ടെങ്കിലും ഹൃദയത്തില്‍ സ്‌നേഹവും തമാശകളുമൊക്കെ ആവോളമുണ്ട്. പുറമേക്ക് കാണുന്ന വിജയനല്ല ഉള്ളിലെന്ന് സുഹൃത്തുക്കള്‍ പറയുന്നത് അതുകൊണ്ടാണ്. പുറമെക്ക് കാണുന്ന കാര്‍ക്കശ്യം ഉള്ളിലില്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ അദ്ദേഹത്തെ അടുത്തറിയുന്നവരെല്ലാം മത്സരിക്കുന്നു.
പീഡിതരോടും അശരണരോടും അദ്ദേഹത്തിനുള്ള മമത ആര്‍ക്കും തള്ളിപ്പറയാനാവില്ല. ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന കറകളഞ്ഞ കൂറും നാം കണ്ടതാണ്. ശരിയല്ലാത്തതെന്ന് തോന്നുന്നതിനെ വിമര്‍ശിക്കുമ്പോള്‍ പിണറായി വിജയന് കാരിരുമ്പിന്റെ കരുത്താണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ചില നയങ്ങളെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ക്ക് എന്തുമാത്രം ശക്തിയായിരുന്നു. എതിരാളികള്‍ പിണറായി വിജയന്റെ വാക്കുകള്‍ക്ക് മുന്നില്‍ ചൂളിപ്പോകുന്നത് നാമെത്ര വട്ടം കണ്ടതാണ്. എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്തുപിടിക്കാനുള്ള ഒരു മനസ്സ് പിണറായി വിജയനുണ്ട്. പിണറായി വിജയന്റെ ഉള്ളിലെ നൈര്‍മല്യം അനുഭവിച്ചറിയണമെങ്കില്‍ അദ്ദേഹം തിരക്കൊഴിഞ്ഞ, വിശ്രമിക്കുന്ന വേളകളില്‍ ചെല്ലണം.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് പിണറായി വിജയന്‍ കാസര്‍കോട്ട് വന്ന ദിവസം. മുഖ്യമന്ത്രിക്ക് താമസമൊരുക്കിയിരുന്നത് ഹോട്ടല്‍ സിറ്റിടവറിലായിരുന്നു. ഇതര പാര്‍ട്ടി നേതാക്കളോ മന്ത്രിമാരോ വരുമ്പോള്‍ കാണാറുള്ള പതിവ് തിരക്കുകളും ബഹളങ്ങളൊന്നുമില്ല. ഒരു സംസ്ഥാന മുഖ്യമന്ത്രി ഇവിടെ താമസിക്കുകയാണെന്ന് പുറമേക്ക് തോന്നുകപോലുമില്ല. പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ മാത്രം കൂടെയുണ്ട്. ഏരിയാ സെക്രട്ടറി കെ.എ ഹനീഫ് സഹായത്തിനായി വെളിയിലുണ്ട്. മന്ത്രി ഇ.ചന്ദ്രശേഖരന്‍ അടക്കമുള്ള ഇടത് സ്ഥാനാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ വന്നുകണ്ടുമടങ്ങുന്നു. രാത്രി ഭക്ഷണത്തിന് നേരമായി. ചപ്പാത്തിയും മീന്‍ മുളകിലിട്ടതുമായിരുന്നു മുഖ്യമന്ത്രിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഭക്ഷണം കൊണ്ടുകൊടുക്കാന്‍ പോകുമ്പോള്‍ വൈസ്രോയി ഹോട്ടല്‍ ഉടമ ശിഹാബ് എന്നേയും കൂടെവിളിച്ചു. ലുങ്കിയും ഇളംചോക്ലേറ്റ് നിറത്തിലുള്ള ടീ ഷര്‍ട്ടും ധരിച്ച് മുഖ്യമന്ത്രി മുറിയിലെ സോഫയില്‍ ഇരിക്കുന്നു. ബാലകൃഷ്ണന്‍ മാസ്റ്ററുമായി ജില്ലയിലെ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ സംസാരിക്കുകയാണ്. ഭക്ഷണത്തോടൊപ്പം തൈരുമുണ്ടായിരുന്നു. തൈര്മാത്രം അദ്ദേഹം തിരിച്ചയച്ചു. തൈരിന്റെ ഗുണദോശങ്ങളെ കുറിച്ചും തൈര് കഴിക്കേണ്ട നേരങ്ങളെ കുറിച്ചുമൊക്കെ വിശദമായി തന്നെ ക്ലാസെടുക്കുകയും ചെയ്തു. വെയ്റ്റര്‍മാരോടടക്കം അദ്ദേഹം സുഖവിവരങ്ങള്‍ തിരക്കി. 'നമുക്കെല്ലാവര്‍ക്കും കഴിക്കാന്‍മാത്രമുണ്ടല്ലോ' എന്നുപറഞ്ഞ് ഞങ്ങളെ നോക്കി ചിരിച്ചു. താഴെചെന്ന് കഴിച്ചോളമെന്ന് ഞങ്ങള്‍ അറിയിച്ചപ്പോള്‍ 'എന്നാല്‍ ശരി' എന്ന സ്ഥിരം മറുപടി. മുഖ്യമന്ത്രിക്ക് വേണ്ടി കുളിക്കാന്‍ പ്രത്യേകം വരുത്തിയിരുന്ന ആയുര്‍വേദ കിറ്റ് ശിഹാബ് എടുത്ത് കാണിച്ചപ്പോള്‍ അദ്ദേഹം കുലുങ്ങി ചിരിച്ചു. എന്താണ് ആ ചിരിയുടെ അര്‍ത്ഥമെന്ന് ഇപ്പോഴും അറിയില്ല. പിറ്റേന്ന് വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുമായി സൗഹൃദം പങ്കിട്ടു.
പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴുമൊക്കെ പിണറായി വിജയന്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രധാന തിരഞ്ഞെടുപ്പ് വേളയില്‍ പ്രസ്‌ക്ലബ്ബിലേക്ക് വന്നപ്പോള്‍ പടികള്‍ കയറുന്നതിനിടയില്‍ അദ്ദേഹത്തിന്റെ തമാശ: 'ഇത്രയും പടികള്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ രാവിലത്തെ വ്യായാമം ഒഴിവാക്കാമായിരുന്നു'. എല്ലാവരും ചിരിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ഇരിക്കുമ്പോള്‍ ആ തമാശകളില്ല. അളന്നുമുറിച്ച വാക്കുകള്‍. തികഞ്ഞ ഗൗരവം.
ഗൗരവക്കാരനാണെങ്കിലും തമാശകള്‍ക്ക് വലിയ പഞ്ഞം കാണിക്കാറില്ല അദ്ദേഹം. പല സന്ദര്‍ഭങ്ങളിലും പിണറായി വിജയന്റെ ഫലിതം തുളുമ്പുന്ന വാക്കുകള്‍ ഉണ്ടാവാറുണ്ട്. നേരെയാണെങ്കില്‍ പിണറായി വിജയനും നേരെ. കളിക്കാനാണ് ഭാവമെങ്കില്‍ അദ്ദേഹവും കളിക്കാന്‍ ഒട്ടുംകുറവല്ല.
പിണറായി വിജയന്‍ ഒരിക്കല്‍ ഉത്തരദേശത്തിന്റെ പടികളും കയറിവന്നിട്ടുണ്ട്. പഴയ ബസ് സ്റ്റാന്റിന് സമീപം ഇന്ത്യന്‍ കോഫി ഹൗസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ വന്നപ്പോഴായിരുന്നു അത്. അന്ന് അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്നു. കോഫി ഹൗസിന്റെ ഉദ്ഘാടനം കഴിഞ്ഞ് തൊട്ടടുത്ത ഉത്തരദേശം ഓഫീസിലേക്ക് ക്ഷണിച്ചപ്പോള്‍ സ്‌നേഹപൂര്‍വ്വം അദ്ദേഹം ക്ഷണം സ്വീകരിക്കുകയായിരുന്നു. അന്ന് പത്രാധിപരായിരുന്ന സി. രാഘവന്‍ പിണറായി വിജയനെ പൂക്കുട നല്‍കി സ്വീകരിച്ചു.