ന്യൂഡെല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രപതി ഭവന് മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രിയങ്ക ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി. ഇവരെ പിന്നീട് വിട്ടയച്ചു. കര്‍ഷകസമരത്തിന് പിന്തുണയുമായി വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഹുലിന്റെ നേതൃത്വത്തില്‍ ആണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടഞ്ഞതോടെ രാഹുല്‍ ഗാന്ധിയും ഗുലാം നബി ആസാദും അധീര്‍ രഞ്ജന്‍ ചൗധരിയും പിന്നീട് രാഷ്ട്രപതിയെ കണ്ടു നിവേദനം നല്കി.
വിവാദ കാര്‍ഷിക നിയമങ്ങള്‍ കോടിക്കണക്കിന് കര്‍ഷകരുടെ അതിജീവനം തന്നെ ഇല്ലാതാക്കുന്നതാണെന്നു രാഹുല്‍ കുറ്റപ്പെടുത്തി. പ്രിയങ്ക അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് പ്രതിപക്ഷത്തിന്റ അവകാശ ലംഘനമാണെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരേ പ്രിയങ്ക ഗാന്ധിയും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ചിലപ്പോള്‍ അവര്‍ പറയും പ്രതിപക്ഷം വളരെ ദുര്‍ബലമാണെന്ന്. ചിലപ്പോള്‍ പറയും തലസ്ഥാന അതിര്‍ത്തിയില്‍ കര്‍ഷകരെ അണി നിരത്തിയിരിക്കുന്നത് പ്രതിപക്ഷമാണെന്ന്. ഇതില്‍ ഏതാണ് ഞങ്ങള്‍ എന്ന് അവര്‍ ആദ്യം തീരുമാനിക്കട്ടെ. പ്രിയങ്ക പറഞ്ഞു. കര്‍ഷകരെ രാജ്യ വിരുദ്ധര്‍ എന്നു വിളിക്കുന്ന സര്‍ക്കാര്‍ പാപം ചെയ്യുകയാണെന്നും പ്രിയങ്ക പറഞ്ഞു.