ചെന്നൈ: തട്ടുകടയില്‍ കയറി ദോശ ചുട്ട് വോട്ട് തേടി ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ ഖുഷ്ബു സുന്ദര്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെയാണ് ഖുഷ്ബു തട്ടുകടയില്‍ കയറി ദോശ ചുട്ടത്. ചെന്നൈയിലെ തൗസന്റ് ലൈറ്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഖുഷ്ബു. പ്രചരണത്തിനിടെ പടിഞ്ഞാറന്‍ മാട തെരുവിലെ വഴിയോര തട്ടുകടയിലാണ് ഖുഷ്ബു കയറിയത്. ദോശ ചുടുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
നേരത്തെ നാഗപട്ടണത്തെ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി തങ്ക കതിരവന്‍ തുണി അലക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസം എ.ഐ.ഡി.എം.കെ സ്ഥാനാര്‍ഥിയും മന്ത്രിയുമായ എസ്.പി. വേലുമണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗ അധ്യാപകന് തലകുത്തി നിന്ന് കാര്‍ വലിച്ച് വാര്‍ത്തയിലിടം നേടിയിരുന്നു. ഇത്തരത്തില്‍ ആളുകളെ കയ്യിലെടുക്കാനുള്ള തന്ത്രങ്ങളുമായി പ്രചരണം കൊഴുപ്പിക്കുകയാണ് തമിഴകത്തെ നേതാക്കള്‍.
കഴിഞ്ഞ ദിവസം ഒരു സ്ഥാനാര്‍ത്ഥി ബഹിരാകാശത്തേക്ക് ടൂര്‍ പാക്കേജ് വരെ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു. തഞ്ചാവൂര്‍ മണ്ഡലത്തിലെ സ്വതന്ത സ്ഥാനാര്‍ഥി സന്തോഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത് തണ്ണിമത്തനും ചുമന്നായിരുന്നു. തനിക്ക് തണ്ണിമത്തന് തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ നീക്കം. ആലന്ഗുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഹരി നാടാര്‍ 4.25 കിലോ സ്വര്‍ണം ധരിച്ചുകൊണ്ടായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. ഏതു വിധേനയും വോട്ടര്‍മാരെ സ്വാധീനിക്കലാണ് ലക്ഷ്യം.
കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെ ഒറ്റഘട്ടമായാണ് തമിഴ്നാട്ടിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. മേയ് രണ്ടിന് ഫലപ്രഖ്യാപനമുണ്ടാകും. 234 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -ഡി.എം.കെ സഖ്യവും ബി.ജെ.പി -എ.ഐ.ഡി.എം.കെ സഖ്യവും തമ്മിലാണ് പ്രധാന മത്സരം.