ഉള്ളും ഉടലും പൊള്ളി വീരര്‍കാവ്, ആശ്വാസം അകലെയാവരുത്

2024 ഒക്ടോബര്‍ 28 രാത്രി 11.55. ഭക്തിസാന്ദ്രമായിരുന്നു നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ്. ഉത്തരമലബാറിന്റെ തെയ്യക്കാലത്തിന് ആദ്യതിരി തെളിയുന്ന വീരര്‍കാവ്. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പള്ളിയറകളിലും കാവുകളിലും ചിലമ്പൊലികള്‍ക്ക് തുടക്കമിടുന്നയിടം. ആദ്യ തെയ്യാട്ടത്തിന് സാക്ഷിയാവാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ഇരച്ചെത്തിയ ജനങ്ങള്‍. അരങ്ങത്തേക്കെത്തേണ്ടത് പിറ്റേന്ന് നടക്കേണ്ട പ്രധാന തെയ്യമായ മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റമാണ്. കോലധാരി അരങ്ങത്തെത്തി ആടയാഭരണങ്ങളണിയുന്നു. രംഗപ്രവേശം ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം. ചെണ്ടമേളം മുറുകുന്നു. തിങ്ങിനിറഞ്ഞ ഭക്തരുടെ ആര്‍ത്തലയ്ക്കല്‍. കോലധാരി തോറ്റംപാട്ടിനാല്‍ ചുവടുവെക്കാനൊരുങ്ങുന്നതും വെടിക്കെട്ട് തുടങ്ങുന്നു. കൂടിനിന്നവരില്‍ ഒരാള്‍പോലും നിനച്ചിരിക്കാതെ […]

2024 ഒക്ടോബര്‍ 28 രാത്രി 11.55. ഭക്തിസാന്ദ്രമായിരുന്നു നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ്. ഉത്തരമലബാറിന്റെ തെയ്യക്കാലത്തിന് ആദ്യതിരി തെളിയുന്ന വീരര്‍കാവ്. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പള്ളിയറകളിലും കാവുകളിലും ചിലമ്പൊലികള്‍ക്ക് തുടക്കമിടുന്നയിടം. ആദ്യ തെയ്യാട്ടത്തിന് സാക്ഷിയാവാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ഇരച്ചെത്തിയ ജനങ്ങള്‍. അരങ്ങത്തേക്കെത്തേണ്ടത് പിറ്റേന്ന് നടക്കേണ്ട പ്രധാന തെയ്യമായ മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റമാണ്. കോലധാരി അരങ്ങത്തെത്തി ആടയാഭരണങ്ങളണിയുന്നു. രംഗപ്രവേശം ചെയ്യാന്‍ നിമിഷങ്ങള്‍ മാത്രം. ചെണ്ടമേളം മുറുകുന്നു. തിങ്ങിനിറഞ്ഞ ഭക്തരുടെ ആര്‍ത്തലയ്ക്കല്‍. കോലധാരി തോറ്റംപാട്ടിനാല്‍ ചുവടുവെക്കാനൊരുങ്ങുന്നതും വെടിക്കെട്ട് തുടങ്ങുന്നു. കൂടിനിന്നവരില്‍ ഒരാള്‍പോലും നിനച്ചിരിക്കാതെ പൊടുന്നനെ ഉഗ്രശബ്ദം. പടക്കം സൂക്ഷിച്ച മുറിയിലേക്ക് വീണ തീപ്പൊരിയിലൂടെ ഉയര്‍ന്നു പൊങ്ങിയ തീഗോളം വിഴുങ്ങിയത് ഒരു നാടിന്റെ സ്വപ്നങ്ങളെയും കുടുംബങ്ങളുടെ കൈത്താങ്ങും നിരാലംബരുമായ കുറെയേറെ മനുഷ്യരെയുമാണ്. എന്ത് ചെയ്യണമെറിയാതെ തലങ്ങും വിലങ്ങും നിലവിളിച്ചോടുന്ന ഭക്തര്‍. പാതിവെന്ത ശരീരവുമായി വേദനയില്‍ പുളയുന്നവര്‍. കയ്യിലും കാലിലും മുഖത്തും തീപ്പൊരി തീര്‍ത്ത പാടില്‍ നീറുന്നവര്‍. ഒറ്റനിമിഷത്തില്‍ ദുരന്തഭൂമിയായി മാറുകയായിരുന്നു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര പരിസരം. ആംബുലന്‍സുകളും മറ്റ് വാഹനങ്ങളും പരിക്കേവരുമായി തൊട്ടടുത്ത ആസ്പത്രിയിലേക്ക്. ആസ്പത്രിയില്‍ നിന്ന് ആസ്പത്രികളിലേക്കുള്ള ഓട്ടം. മംഗളൂരുവിലേക്കും കണ്ണൂരിലേക്കും ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞു. 154 പേര്‍ക്ക് പരിക്ക് പറ്റി. 97 പേര്‍ ആ രാത്രിയില്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലായി. 8 പേര്‍ ഗുരുതരാവസ്ഥയിലെന്ന് സ്ഥിരീകരണം. സ്ഫോടനത്തില്‍ വിള്ളലുകള്‍ വീണ മുറിയും തകര്‍ന്നുവീണ മേല്‍ക്കൂരയും പരക്കംപാച്ചിലില്‍ ഊര്‍ന്നുവീണ പാദരക്ഷകളും മാത്രമായി ചുരുങ്ങി വീരര്‍കാവ്. അന്നദാനത്തിനായി ആയിരങ്ങള്‍ക്കായി ഒരുക്കിയ ഭക്ഷണം കുഴിച്ചുമൂടി. വടക്കന്‍ മലബാറിന്റെ കളിയാട്ടക്കാല ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തൊരു ദുരന്തത്തിനും അപ്രതീക്ഷിത വിയോഗങ്ങള്‍ക്കും നീലേശ്വരത്തിനൊപ്പം ജില്ലയൊന്നാകെ മൂകസാക്ഷിയായി.
ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും പരിക്കേറ്റവരുടെയും ഭാവിയെന്തെന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. ഇരയായവരില്‍ ഏറെയും കൂലിപ്പണി എടുത്ത് അന്നന്നത്തെ വരുമാനം കണ്ടെത്തുന്നവരാണ്. ഭാവി തുലാസിലായ ഇവരുടെ ആശങ്കകള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. നിലവില്‍ ചികിത്സയിലുള്ളവരില്‍ ശരീരത്തിലുള്ള പൊള്ളലേറ്റതിന്റെ പാടുകള്‍ ഉണങ്ങണം. പഴയ ജീവിതത്തിലേക്ക് എന്ന്് തിരിച്ചുവരാനാവുമെന്ന ആശങ്കയാണ് എല്ലാവരെയും പിന്തുടരുന്നത്.
പ്രതീക്ഷയേകണം കുടുംബങ്ങള്‍ക്ക്
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ വെടിക്കെട്ടപകടം നടന്ന് ഇന്നത്തേക്ക് രണ്ടാഴ്ച്ച തികയുന്നു. വെടിക്കെട്ട് അപകടത്തെ സംസ്ഥാന പ്രത്യേക ദുരന്തമായി ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിറക്കിയിട്ടുണ്ട്. ദുരന്തത്തില്‍ അഞ്ച് പേര്‍ ഇതിനകം മരണപ്പെട്ടു. ആസ്പത്രികളില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് പ്രഖ്യാപിച്ചത് ഏറെ ആശ്വാസമായിരുന്നു. പക്ഷെ, പ്രഖ്യാപനം ഉണ്ടാകുന്നതുവരെ സ്വകാര്യ ആസ്പത്രികളില്‍ ചികിത്സാ ചെലവുകള്‍ വഹിച്ച കുടുംബങ്ങള്‍ എന്തുചെയ്യണമെന്ന ചോദ്യത്തിന് ഇപ്പോഴും അധികൃതരില്‍ നിന്ന് മറുപടിയൊന്നും ലഭിക്കുന്നില്ല. ആസ്പത്രിയിലേക്കെത്തിച്ച ആംബുലന്‍സിന് നല്‍കിയ തുക, ഐ.സി.യു വാടക, മരുന്ന് ബില്ല് തുടങ്ങി രണ്ട് ദിവസത്തിനുള്ളില്‍ 15,000 മുതല്‍ 20,000 രൂപ വരെ അടച്ചവരുണ്ട്. സൂക്ഷിച്ചുവെച്ച ബില്ലുകളെല്ലാം എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ഈ കുടുംബങ്ങള്‍.
ഇതുവരെ വിടപറഞ്ഞവര്‍ അഞ്ച്
വെടിക്കെട്ടപകടത്തില്‍ ഇതുവരെ മരണമടഞ്ഞത് അഞ്ച് പേരാണ്. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു ഓരോരുത്തരുടെയും മരണം. ചോയ്യംകോട് കിണാവൂര്‍ സ്വദേശി രജിത്ത് ആണ് ഒടുവില്‍ മരിച്ചത്. നവംബര്‍ ഒമ്പത് ശനിയാഴ്ചയാണ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ രജിത്തിന്റെ മരണം സ്ഥിരീകരിച്ചത്. നേരത്തെ മരിച്ച സന്ദീപും ബിജുവും രതീഷും രജിത്തും ഉറ്റ സുഹൃത്തുക്കളായിരുന്നു. നാലുപേരും ഒരുമിച്ചാണ് തെയ്യം കാണാന്‍ പോയത്. നാല് പേര്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. ഇവരെ കൂടാതെ ഓര്‍ക്കുളത്തെ പത്തൊമ്പതുകാരന്‍ ഷിബിന്‍ രാജും മരണമടഞ്ഞു.
ചികിത്സയിലുള്ളത് 43 പേര്‍
വെടിക്കെട്ടപകടത്തില്‍ നിലവില്‍ ചികിത്സയിലുള്ളത് 43 പേരാണ്.
ഇതില്‍ 6 പേര്‍ ഐ.സി.യുവിലാണ്.
പരിയാരം മെഡിക്കല്‍ കോളേജ്-2, ഐഷാല്‍ ആസ്പത്രി കാഞ്ഞങ്ങാട്-4, മിംസ് കണ്ണൂര്‍-6, മിംസ് കോഴിക്കോട്-3, എ.ജെ മെഡിക്കല്‍ കോളേജ് മംഗളൂരു- 24, ബേബി മെമ്മോറിയല്‍-3, ഫാദര്‍ മുള്ളേഴ്സ്-1.
മതിയാകുമോ ധനസഹായം ?
കുടുംബത്തിന്റെ ഏക അത്താണിയായിരുന്നവരാണ് മരിച്ചവരില്‍ നാല് പേരും.
ഓരോ കുടുംബത്തിനുമുണ്ടായ നഷ്ടം ഒരുതരത്തിലും നികത്താനാവില്ലെങ്കിലും കുടുംബത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രതീക്ഷ നല്‍കേണ്ടത് ഭരണകൂടവും സന്നദ്ധ സംഘടനകളുമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ധനസഹായം വര്‍ധിപ്പിക്കണമെന്നും കുടുംബങ്ങളിലൊരാള്‍ക്ക് ജോലി ഉറപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Related Articles
Next Story
Share it