പശ്ചിമ ബംഗാള്‍: വിദ്വേഷ രാഷ്ട്രീയത്തില്‍ മനംമടുത്ത് ബി.ജെ.പി എം.എല്‍.എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ ബിഷ്ണുപുരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ തന്മയ് ഘോഷ് ആണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തിങ്കളാഴ്ച തൃണമൂല്‍ നേതാവ് ബ്രാത്യ ബസുവിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
‘ബിജെപി പ്രതികാര രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പശ്ചിമ ബംഗാളിലെ ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ അവര്‍ ശ്രമിക്കുന്നു. ജന ക്ഷേമത്തിനായി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പിന്തുണയ്ക്കാന്‍ ഞാന്‍ എല്ലാ രാഷ്ട്രീയക്കാരോടും അഭ്യര്‍ഥിക്കുന്നു’-ടി.എം.സിയില്‍ ചേര്‍ന്ന ശേഷം ഘോഷ് പറഞ്ഞു.
‘ബംഗാളിലെ ജനങ്ങള്‍ക്കായി മമത നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബിഷ്ണുപുരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ തന്മയ് ഘോഷ് തൃണമൂല്‍ കുടുംബത്തില്‍ ചേര്‍ന്നു. ഞങ്ങള്‍ അദ്ദേഹത്തെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു’-ടി.എം.സി ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തു.