കൊല്ലം: വനിതാ എസ് ഐയെ ആക്രമിച്ച കേസില്‍ എസ്എഎഫ്ഐ നേതാവ് അറസ്റ്റിലായി. പള്ളിക്കല്‍ സ്വദേശി ലുക്മാന് ഹക്കീമാണ് അറസ്റ്റിലായത്. പുതുവര്‍ഷ രാത്രിയില്‍ കൊട്ടാരക്കരയിലാണ് സംഭവം. പുതുവത്സര ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെ വനിതാ ക്രൈം എസ്.ഐ ആശാ ചന്ദ്രനെ ആക്രമിച്ചെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും കാട്ടിയാണ് ലുക്മാന് ഹക്കീമിനെ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന ഇരുപതു പേര്‍ക്കെതിരെ പി ഡി പി പി ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്തു.
അതേസമയം പോലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ബന്ധുവിന്റെ മരണ വീടിന് മുന്നില്‍ നിന്ന ലുക്മാനെ വനിതാ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അസഭ്യം പറഞ്ഞുവെന്ന പരാതിയുമുണ്ട്. തര്‍ക്കത്തിനു പിന്നാലെ പോലീസ് ലാത്തിവീശുകയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ലുക്മാനെ സിസിടിവി ക്യാമറ ഇല്ലാത്ത ഭാഗത്ത് കൊണ്ടുപോയി പോലീസുകാര്‍ മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ് ഐ, എസ്.എഫ്.ഐ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു. വനിതാ എസ്.ഐ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ജീപ്പ് കേടുവരുത്തിയെന്നും പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷമുണ്ടാക്കിയെന്നും കാണിച്ച് പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു.