മംഗളൂരു: ബണ്ട്വാള്‍ കല്ലടുക്കയില്‍ ബി.ജെ.പി പരിപാടിയുടെ പ്രചരണവാഹനം ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബെല്‍ത്തങ്ങാടി സ്വദേശി വിജിത്ത് (35) ആണ് മരിച്ചത്. കല്ലടുക്ക നരഹരി കുന്നിന് സമീപമാണ് അപകടമുണ്ടായത്. ബിജെപി എംഎല്‍എ രാജേഷ് നായിക് സംഘടിപ്പിച്ച കാല്‍നട മാര്‍ച്ചിനായി തെലുങ്കാനയില്‍ നിന്ന് എത്തിയ പ്രചരണവാഹനം തെലുങ്കാന സ്വദേശിയായ ഡ്രൈവറാണ് ഓടിച്ചിരുന്നത്. മേല്ക്കറില് നിന്ന് കല്ലടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന വിജിത്ത് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ വിജിത്തിനെ തുമ്പയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തില്‍ യുവാവ് മരിച്ചതിനാല്‍ കാല്‍നട ജാഥ പിന്‍വലിച്ചു. എംഎല്‍എ രാജേഷ് നായിക് ആസ്പത്രിയിലെത്തി മരിച്ച യുവാവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബിജെപി പ്രവര്‍ത്തകരും ആസ്പത്രിയിലെത്തിയിരുന്നു. ബണ്ട്വാള്‍ ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.