കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചയും രണ്ടിടങ്ങളില്‍ കവര്‍ച്ചാശ്രമവും നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിയെ കോടതി റിമാണ്ട് ചെയ്തു. ബംഗളൂരു ദൊഡ്ഡബല്ലാപുരം മുത്സാന്ദ്ര ഡി ക്രോസ് ഡിബി നഗറിലെ പ്രേംകുമാറിനെ (പ്രേമി ജാനി -24)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു. കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി. നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നലെയാണ് പ്രേംകുമാറിനെ അറസ്റ്റ് ചെയ്തത്. കര്‍ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒട്ടേറെ കവര്‍ച്ചാക്കേസുകളില്‍ പ്രേംകുമാര്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
ജൂണ്‍ 30ന് പുലര്‍ച്ചെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന് റോഡിലെ റെഡ് ചില്ലീസ് ഹൈപ്പര്‍ മാര്‍ക്കറ്റിലും കറന്തക്കാട് ജംഗ്ഷനിലെ സിറ്റി കൂള്‍ ഇലക്ട്രോണിക്സ് കടയിലുമാണ് കവര്‍ച്ച നടത്തിയത്. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 55,000 രൂപയും സാധനങ്ങളും ഇലക്ട്രോണിക്സ് കടയില്‍ നിന്ന് മേശയിലുണ്ടായിരുന്ന 40,000 രൂപയും 10,000 രൂപ വിലമതിക്കുന്ന മിക്സിയുമാണ് കവര്‍ന്നത്. കറന്തക്കാട്ടെ ഡ്രൈ ഫ്രൂട്സ് കട, അശ്വിനി നഗറിലെ ബേബി ഷോപ്പ് എന്നിവിടങ്ങളിലാണ് കവര്‍ച്ചാശ്രമം നടന്നത്.
നഗരത്തിലെ തിരക്കേറിയ പാതയോടു ചേര്‍ന്നുള്ള വ്യാപാര സ്ഥാപനങ്ങളിലെ കവര്‍ച്ചയില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ വ്യാപാരികളുടെ പ്രതിഷേധവും ശക്തമായിരുന്നു. ഈ വിഷയം നിയമസഭയിലെത്തിയിരുന്നു. നഗരത്തിലെ വ്യാപാരികള്‍ അന്നത്തെ ജില്ലാ പൊലീസ് മേധാവി പി. ബിജോയിയെ നേരില്‍ കണ്ട് പരാതി നല്കി അന്വേഷണം ഊര്ജിതമാക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് രൂപീകരിച്ച പ്രത്യേക സംഘം രണ്ടര മാസത്തോളമായി നടത്തിയ അന്വേഷണത്തിനിടെയാണ് മുഖ്യപ്രതി പിടിയിലായത്. കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ട്. തെളിവെടുപ്പിന് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. എസ്.ഐമാരായ പി. സുരേഷ് ബാബു, എന്‍. അരവിന്ദന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ. ചന്ദ്രശേഖരന്, പി. സതീശന് ചീമേനി, കെ.ടി അനില്‍, ഗുരുരാജ്, രതീഷ് മയിച്ച, ജയിംസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.