കാസര്‍കോട്: വീട്ടില്‍ നിന്ന് കാണാതായ മൂന്നു വയസുകാരനെ കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം മൊഗ്രാല്‍പൂത്തൂര്‍ കമ്പാര്‍ പ്രദേശത്തിന്റെ കണ്ണീരായി. കമ്പാര്‍ റഹ്മാനിയ മന്‍സിലില്‍ കര്ഷകന് നൗഷാദിന്റെയും മറിയം ഷാനിഫയുടെയും ഏകമകന് മുഹമ്മദ് സോഹന്‍ ഹബീബിനെയാണ് ഇന്നലെ വീടിന് സമീപത്തെ തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചക്ക് ഒരു മണി മുതല്‍ കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍ക്കാരും നടത്തിയ തിരച്ചിലിലാണ് മൂന്ന് മണിയോടെ കുട്ടിയെ കുളത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കാസര്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ഇന്നലെ രാത്രി പത്തര മണിയോടെ കമ്പാര്‍ മദ്രസക്ക് സമീപത്തെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.