കാസര്‍കോട്: എരിയാല്‍ ആബിദ് വധക്കേസിന്റെ വിചാരണ കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ്(മൂന്ന്) കോടതിയില്‍ ആരംഭിച്ചു. പെര്‍വാഡ് സ്വദേശികളായ ഷംസുദ്ദീന്(41), പി.എച്ച് ഹാരിസ്(42), മാര്‍ക്കറ്റ് കുന്നിലെ റഫീഖ്(44), മാര്‍ക്കറ്റ് കുന്നിലെ ഉമ്മര്‍(44), കുഡ്ലു ആസാദ് നഗറിലെ കെ.എം റഫീഖ്(41), ചൗക്കിയിലെ അബ്ദുള്‍ ജലീല്‍(42) എന്നിവരാണ് കേസിലെ പ്രതികള്‍. 2007 നവംബര്‍ 20ന് വൈകിട്ട് 5.30 മണിയോടെ എരിയാല്‍ ബെള്ളീരിലാണ് നാടിനെ നടുക്കിയ കൊല നടന്നത്. ബെള്ളീരിലെ സിമന്റ് തറയില്‍ ഇരിക്കുകയായിരുന്ന ആബിദിനെ ബൈക്കുകളിലെത്തിയ സംഘം ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. 2007 ഒക്ടോബര്‍ 16ന് മൊഗ്രാല്‍ പുത്തൂരിലുണ്ടായ അക്രമത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകം. ആബിദ് വധക്കേസിലെ അഞ്ചാം പ്രതി കെ.എം റഫീഖ്, ആറാംപ്രതി അബ്ദുള്‍ ജലീല്‍, അമീര്‍ എന്നിവരെ മൊഗ്രാല്‍ പുത്തൂരില്‍വെച്ച് അക്രമിച്ചതിലെ വൈരാഗ്യമാണ് ആബിദിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് കാസര്‍കോട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ പ്രധാന സാക്ഷി വിചാരണ വേളയില്‍ കൂറുമാറി. കൊലപാതകം നടക്കുമ്പോള്‍ ദൃക്സാക്ഷിയായിരുന്ന ആളാണ് കൂറുമാറിയത്. രണ്ടുമുതല്‍ അഞ്ചുവരെ സാക്ഷികള്‍ വിചാരണക്ക് ഹാജരായില്ല. ആറാം സാക്ഷി മാത്രമാണ് ഹാജരായത്.