ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ തലസ്ഥാനത്ത് തുടരുന്ന കര്‍ഷകസമരം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം വീണ്ടും പരാജയം. കര്‍ഷകസംഘടനാ നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയാണ് സമവായത്തിലെത്താതെ പിരിഞ്ഞത്. ഇത് പത്താം തവണയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ കര്‍ഷകനേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ എന്നിവരാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
അതേസമയം സമരം അവസാനിപ്പിച്ചാല്‍ നിയമം മരവിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ നിയമം പൂര്‍ണമായും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. നിയമങ്ങള്‍ പിന്‍വലിച്ച ശേഷം ചര്‍ച്ച ചെയ്യുകയും പിന്നീട് ആവശ്യമെങ്കില്‍ മറ്റൊരു പുതിയ നിയമം കൊണ്ടുവരാനുമുള്ള സാധ്യതയുമാണ് കര്‍ഷകര്‍ ഇന്നത്തെ ചര്‍ച്ചയില്‍ മുന്നോട്ട് വച്ചത്.
നിയമങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ കോടതിയില്‍ പോകാന്‍ ചര്‍ച്ചയില്‍ കര്‍ഷകരോടു കേന്ദ്രപ്രതിനിധികള്‍ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടു. നിയമങ്ങള്‍ രണ്ടു വര്‍ഷം വരെ മരവിപ്പിക്കാമെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇക്കാര്യത്തില്‍ താരുമാനമെനടുക്കാന് വിജ്ഞാന് ഭവനില്‍ സംഘടനാ നേതാക്കള്‍ യോഗം ചേരുകയാണ്.