തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ മുസ്ലീം സംഘടനകളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. അടുത്തമാസം 20ന് തിരുവനന്തപുരത്താണ് യോഗം ചേരുക. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തില്‍ ആശങ്കയറിയിച്ച സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി. അബ്ദുല്റഹ്മാന് നിയമസഭയെ ഇന്നലെ അറിയിച്ചിരുന്നു.
വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വിശദമായ ചര്‍ച്ച നടത്തിയ ശേഷമെ നടപ്പാക്കുവെന്നായിരുന്നു സമസ്ത നേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്കിയ ഉറപ്പ്. വഖഫ് ബോര്‍ഡാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ തീരുമാനം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം നടത്തുമെന്ന് മുസ്ലിംലീഗും അറിയിച്ചു. മുസ്ലിം സമുദായത്തോട് സര്‍ക്കാര്‍ ചെയ്തത് വിശ്വാസ വഞ്ചനയാണെന്നും ഭേദഗതി പിന്‍വലിക്കും വരെ ലീഗ് സമരം നടത്തുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കി. ഹിജാബ് വിധിക്കെതിരെ നിയമ സാധ്യതകള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.