ദുബൈ: മൂന്ന് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന് നല്കാന് യു.എ.ഇയില്‍ അനുമതി നല്കി. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയമാണ് അനുമതി നല്‍കിയത്. 900ഓളം കുട്ടികളില്‍ രണ്ട് മാസമായി നടന്ന പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് അനുമതി നല്‍കിയത്.
ഇക്കഴിഞ്ഞ ജൂണിലാണ് കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിനെ കുറിച്ച് പഠനം ആരംഭിച്ചത്. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു കുട്ടികളില്‍ പഠനം നടത്തിയത്. വാക്സിന് നല്കിയ ശേഷം കുട്ടികളെ നിരീക്ഷിച്ച് വരുകയായിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് മന്ത്രാലയം അനുമതി നല്‍കിയത്.
കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിനെകുറിച്ച് പഠനം നടത്തിയ മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ആദ്യ രാജ്യമാണ് യു.എ.ഇ. യു.എസ്, യു.കെ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ കുട്ടികളില്‍ പഠനം പുരോഗമിക്കുകയാണ്.