ബേക്കല്‍: മത്സ്യമെന്ന വ്യാജേന ബൊലേറോ പിക്കപ്പ് ഇന്സുലേറ്ററില് കടത്തിക്കൊണ്ട് പോവുകയായിരുന്നു 2100 ലിറ്റര്‍ സ്പിരിറ്റ് ബേക്കല്‍ പൊലീസ് പിടികൂടി. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ബേക്കല്‍ പാലത്തിന് സമീപം വെച്ചാണ് ബേക്കല്‍ ഡി.വൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ വന്‍ സ്പിരിറ്റ് കടത്ത് പിടികൂടിയത്. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സക്കീര്‍ മന്‍സിലിലെ അബ്ദുല്റഹ്മാന് മുബാറക്ക് (30), കുഞ്ചത്തൂര്‍ ആമിന മന്‍സിലിലെ സെയ്ദ് മുഹമ്മദ് ഇമ്രാന് (25) എന്നിവരാണ് അറസ്റ്റിലായത്. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്പിരിറ്റാണ് പിടിച്ചത്. കെ.എ 19-എ.ഡി 2031 പിക്കപ്പ് കസ്റ്റഡിയിലെടുത്തു. 35 ലിറ്റര്‍ വീതമുള്ള 60 കന്നാസുകളിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. മംഗളൂരുവില്‍ നിന്നും കോഴിക്കോട് രാമനാട്ടുകരയിലേക്ക് കൊണ്ടുപോവുകയായിരുന്നു സ്പിരിറ്റെന്നാണ് പ്രാഥമിക വിവരം. ഡി.വൈ.എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. സി.ഐ പ്രതീഷ്, എസ്.ഐമാരായ അനില്‍ബാബു, സി. ലത്തീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്ത്, നിഖില്‍, പ്രശാന്ത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.