കോഴിക്കോട്: സൗദി അറേബ്യ വിമാന യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് അംബാസിഡര്‍മാര്‍ക്ക് കത്തയച്ചു. ഇന്ത്യയില്‍ നിന്ന് സഊദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസ് അനുവദിക്കാന്‍ ഇടപെടണമെന്ന് സഊദി അറേബ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഔസാഫ് സയീദ്, ഇന്ത്യയിലെ സഊദി അംബാസിഡര്‍ ഡോ. സൗദ് മുഹമ്മദ് എന്നിവര്‍ക്ക് അയച്ച കത്തില്‍ കാന്തപുരം ആവശ്യപ്പെട്ടു.
സഊദി അറേബ്യയില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ മടക്കയാത്ര വളരെ ദുഷ്കരമാണിപ്പോള്‍. ഇതുമൂലം വലിയ പ്രയാസങ്ങളാണ് സഊദിയില്‍ തൊഴിലിനു പോകുന്ന ഇന്ത്യക്കാര്‍ അനുഭവിക്കുന്നത്. യാത്രയില്‍ നേരിടുന്ന ഈ പ്രതിസന്ധി കാരണം പലരും സഊദിയിലേക്കു മടങ്ങാനാകാതെ കഷ്ടപ്പെടുകയാണ്. ജോലി നഷ്ടമാകുന്നതിന്റെയും വിസ കാലാവധി പൂര്‍ത്തിയാകുന്നതിന്റെയും ആശങ്കയിലാണ് പ്രവാസികള്‍. അതിനാല്‍, കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നേരിട്ട് സഊദിയിലേക്കു ഫ്ളൈറ്റ് അനുവദിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കാന്തപുരം ചര്‍ച്ചയും നടത്തി. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും അംബാസിഡര്‍ക്ക് കത്തയച്ചിരുന്നു.