ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയ ആലപ്പുഴയില്‍ സമ്പൂര്‍ണ സമാധാനം ആഹ്വാനം ചെയ്ത് സര്‍വ കക്ഷി യോഗം. കലക്ടറേറ്റില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്, പി. പ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടരാക്രമങ്ങള് ഉണ്ടാകരുതെന്നും സമ്പൂര്‍ണ സമാധാനാവസ്ഥ തുടരണമെന്നും യോഗം ആഹ്വാനം ചെയ്തു.
കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു. അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഗൂഢാലോചനക്ക് പിന്നിലുള്ളവരെയും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ട് കൊലപാതകങ്ങളും അതിനിഷ്ഠൂരമാണ്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കെടുത്തവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി. ഇരു കൊലപാതകത്തെയും യോഗം ഏകകണ്ഠമായി അപലപിച്ചു.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അവരവരുടെ തലങ്ങളില്‍ സമാധാനത്തിനായുള്ള കാമ്പയിനുകള്‍ സംഘടിപ്പിക്കണം. സംഘര്‍ഷം ഒഴിവാക്കാന്‍ യോജിച്ച പ്രവര്‍ത്തനം വേണം. ആര്‍ക്കെങ്കിലും പരാതികളുണ്ടെങ്കില്‍ പരസ്പരം ഉന്നയിക്കാതെ ഭരണകൂടത്തെ അറിയിക്കണം. പരാതികള്‍ കൃത്യമായി പരിഹരിക്കാനുള്ള നടപടികളുണ്ടാകുമെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു.