തിരുവനന്തപുരം: സ്വര്‍ണക്കടത്ത് – ഡോളര്‍ കടത്തമ കേസുമായി ബന്ധപ്പെട്ട് ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന്റെ കാര്യത്തില്‍ തുടര്‍നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫയലിന്റെ കാര്യത്തില്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ സമയം കഴിഞ്ഞാലുടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണ ഫയല്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ നീക്കാനാകാതെ കുടുങ്ങുകയായിരുന്നു. ആഴക്കടല്‍ മത്സ്യ ബന്ധന വിവാദവുമായി ബന്ധപ്പെട്ടു ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണു നടന്നതെന്നും ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഗൗരവമായ ഗൂഢാലോചനയാണു നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടന്നു വരികയല്ലേ. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കും. അന്വേഷണം പൂര്‍ത്തിയാകട്ടെ. എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമം പലയിടത്തും നടന്നു.മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയും യുഡിഎഫും ഇക്കാര്യത്തില്‍ യോജിച്ച വിവാദമുണ്ടാക്കി. അതു പ്രതിപക്ഷമെന്ന നിലയിലായിരുന്നു. യുഡിഎഫ് നേതാക്കളുടെ ആരോപണം ബിജെപി കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷിപ്പിച്ചു. എല്‍ഡിഎഫിനെ അട്ടിമറിക്കാനായിരുന്നു ശ്രമമെന്നും കേരളത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മിന്നും ജയം നേടിയതോടെ കേരള ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണമുണ്ടായി.