തിരുവനന്തപുരം: പരക്കെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കൊടുവില്‍ പൊലീസ് നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. നിയമഭേദഗതി തല്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണിത്. ഉച്ചയോടെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി ഭേദഗതി വിശദീകരിച്ചു. നിയമഭേദഗതി തിരുത്തുമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം വന്നതിന് തൊട്ടുപിന്നാലെയാണ് നിയമഭേദഗതിയില്‍ തിരുത്തല്‍ വരുത്താന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി തീരുമാനിച്ചത്. വിഷയത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റുമെന്നും യെച്ചൂരി പറഞ്ഞു.
നിയമഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നതോടെയാണ് സംസ്ഥാന സര്‍ക്കാറിനെ തള്ളി സി.പി.എം ജനറല്‍ സെക്രട്ടറി തന്നെ രംഗത്തുവന്നത്. സൈബര്‍ ആക്രമണങ്ങള്‍ തടയുമെന്ന പേരില്‍ മുഴുവന്‍ മാധ്യമങ്ങള്‍ക്കും കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് സര്‍ക്കാറിന്റേതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഭരണകക്ഷിയിലെ തന്നെ സി.പി.ഐ നിയമഭേദഗതിക്കെതിരെ രംഗത്തുവന്നിരുന്നു. പ്രതിപക്ഷം ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും സൈബര്‍ ആക്രമണങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പൊലീസ് നിയമത്തിലെ 118 എ വകുപ്പ് ഭേദഗതി ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്നും പരക്കെ വിമര്‍ശനമുണ്ട്.