തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ ടെക്സ്റ്റൈല്‍-ജ്വല്ലറി മേഖലയ്ക്ക് നേരിയ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ പറയുന്ന നിബന്ധനകള്‍ കര്‍ശനമായി പാലിച്ച് കടകള്‍ നിശ്ചിത സമയത്തേക്ക് തുറക്കാനാണ് അനുമതി. ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്‍ലൈന്‍/ഹോം ഡെലിവറികള്‍ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വെച്ച് തുറക്കാവുന്നതാണ്.
വിവാഹ പാര്‍ട്ടികള്‍ക്ക് ഒരു മണിക്കൂര്‍ വരെ കടകളില്‍ ചിലവഴിക്കാനും അനുമതിയുണ്ട്. വിശേഷ ദിവസങ്ങളിലും മറ്റും വസ്ത്രവും ആഭരണങ്ങളും എടുക്കേണ്ട സാഹചര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നേരിയ ഇളവ് പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യാം. പൈനാപ്പിള്‍ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിര്‍മാണ തൊഴിലാളികളെ പോലെ അവര്‍ക്ക് പൈനാപ്പിള്‍ തോട്ടത്തില്‍ പോകാന്‍ നിയന്ത്രണങ്ങളോടെ അനുമതിയുണ്ടെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ടെലികോം സേവനവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങള്‍ക്കും ടവറുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഇതൊടൊപ്പം അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം പുറത്തിറങ്ങുമ്പോള്‍ സത്യവാങ്മൂലം കാണിക്കണമെന്ന നിര്‍ദേശം പോലീസ് കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്.