കാസര്‍കോട്: കാസര്‍കോട് പഴയ റെയില്‍വേ സ്റ്റേഷന് റോഡില്‍ പോര്‍ട്ട് ഓഫീസിന് സമീപത്തുള്ള പഴയ ക്രൈംബ്രാഞ്ച് ഓഫീസും തായലങ്ങാടിക്ക് സമീപമുള്ള മുനിസിപ്പല്‍ സീവ്യുപാര്ക്കും കാടുകയറി നശിക്കുന്നു. ഇവിടെ രാത്രികാലങ്ങളില്‍ സാമൂഹ്യ ദ്രോഹികള്‍ താവളമാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പഴയ ക്രൈംബ്രാഞ്ച് സി.ഐ ഓഫീസ് കെട്ടിടം വര്‍ഷങ്ങളായി ഉപയോഗശൂന്യമായിരിക്കുകയാണ്. രാത്രികാലങ്ങളില്‍ ഇവിടെ പൊലീസിന്റെ ശ്രദ്ധപതിയാത്തത് മൂലം സാമൂഹ്യദ്രോഹികള്‍ കയ്യടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗിക്കുന്ന പലരും ഇവിടെ താവളമാക്കുന്നതായാണ് പരാതി ഉയര്‍ന്നത്.
സീവ്യൂ പാര്‍ക്ക് കോവിഡിനെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. അകത്ത് കാടുമൂടിയിരിക്കുകയാണ്. പലരും ഗേറ്റും മതിലും ചാടി അകത്തുകടക്കുന്നതായാണ് വിവരം. പൊലീസിന്റെ ശ്രദ്ധപതിഞ്ഞാല് ഇവിടങ്ങളെ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടത്തില്‍ നിന്ന് രക്ഷപ്പെടുത്താനാകുമെന്നാണ് പരിസരവാസികള്‍ പറയുന്നത്.