മുംബൈ: ബിസിസിഐയുടെ പുതിയ ഫിറ്റ്നെസ് ടെസ്റ്റ് രണ്ടാം ഊഴത്തില്‍ പാസായി മലയാളി താരം സഞ്ജു സാംസണ്. താരങ്ങളുടെ ഫിറ്റ്നെസ് ടെസ്റ്റിന്റെ ഭാഗമായി ബിസിസിഐ പുതുതായി നടപ്പിലാക്കി രണ്ട് കിലോ മീറ്റര്‍ ഓട്ടം കഴിഞ്ഞ ദിവസം പരാജയപ്പെട്ടെങ്കിലും ഇന്ന് നടന്ന ടെസ്റ്റില്‍ താരം പാസായി. ഫിറ്റ്നെസ് ടെസ്റ്റ് വിജയിച്ചതായും വിജയ് ഹസാരെ ട്രോഫിക്കായി ഒരുങ്ങുകയാണെന്നും സഞ്ജു സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
ടീം ഫിറ്റ്നെസ് ഉറപ്പാക്കാനായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഏര്‍പെടുത്തിയ രണ്ടു കിലോമീറ്റര്‍ ഓട്ടത്തില്‍ സജ്ഞു സാംസണ് ഉള്‍പെടെ ആറു പേര് പരാജയപ്പെട്ടിരുന്നു. ഇഷാന് കിഷന്, നിതീഷ് റാണ, രാഹുല്‍ തെവാത്തിയ, സിദ്ധാര്‍ഥ് കൗള്‍, ജയദേവ് ഉനദ്കട്ട് എന്നിവരാണ് ബംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്നസ് റണ്‍ പരാജയപ്പെട്ടത്.
പുതുതായി ഉള്പെടുത്തിയ ടെസ്റ്റ് ആയതിനാല്‍ താരങ്ങള്‍ക്ക് രണ്ടാമതും അവസരം നല്‍കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന- ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ താരങ്ങള്‍ക്ക് ടെസ്റ്റ് വിജയിക്കുക നിര്‍ണായകമാണ്. 2018ല്‍ സാംസണ്, മുഹമ്മദ് ഷമി, അംബാട്ടി റായുഡു എന്നിവര്‍ സമാനമായി യോ-യോ ടെസ്റ്റ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിനങ്ങളില്‍ നിന്നുള്‍പെടെ ഇവര്‍ പുറത്തായിരുന്നു.
20ലധികം താരങ്ങള്‍ക്കാണ് യോ-യോ ടെസ്റ്റും രണ്ടു കിലോമീറ്റര്‍ ഓട്ടവും നടത്തി ഫിറ്റ്നസ് പരിശോധിക്കുന്നത്. ഈ വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിലുള്‍പെടെ ഇറങ്ങാനുള്ള ടീമിനെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് പരിശോധന. ബാറ്റ്സ്മാന്, വിക്കറ്റ് കീപ്പര്‍, സ്പിന്നര്‍ എന്നിവര്‍ എട്ടുമിനിറ്റും 30 സെക്കന്‍ഡുമെടുത്ത് രണ്ടു കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം. ഫാസ്റ്റ് ബൗളര്‍മാര്‍ ഇത് 8.15 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.