കാഞ്ഞങ്ങാട്: പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും കേരളത്തിന്റെ സാമൂഹ്യ, സംസ്കാരിക ചരിത്രങ്ങള്‍ കൂടുതല്‍ അറിയുന്നതിനുമായി കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ സൈക്കിള്‍ യാത്ര നടത്തുകയാണ് അധ്യാപക വിദ്യാര്‍ത്ഥിയും കാഞ്ഞങ്ങാട് ടാലന്റ് എഡ്ജ് സ്കില്‍ ഡവലപ്മെന്റ് സെന്ററിലെ ചിത്രകലാ വിദ്യാര്‍ഥിയുമായ പ്രണവ് രാജ്.
ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നില്‍ വെച്ച് നടന്ന യാത്രയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി സുജാത നിര്‍വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കെ.ആര്.സി തായന്നൂര്‍ (കെ. രാമചന്ദ്രന്) അധ്യക്ഷതവഹിച്ചു.
സംഗീതജ്ഞന് ടി.പി സോമശേഖരന്‍, ഹോസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി വി. കുഞ്ഞമ്പു, ടാലന്റ് പരിശീലക കെ.പി. അനിതകുമാരി, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍, വി. ഗോപി, പി. രതിക, കെ.വി.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
യാത്രയിലുടനീളം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ജനങ്ങളുമായി ചര്‍ച്ച നടത്തിയും കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക ചരിത്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിവ് നേടിയും 8 ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.
തൃശ്ശൂര്‍ സ്വദേശികളായ കെ.ആര് ബാബുരാജിന്റെയും എന്‍.എസ്. വിനിജയുടെയും മകനാണ് 21കാരനായ തൃശ്ശൂര്‍ സ്വദേശിപ്രണവ് രാജ്. ഇത്തരം യാത്രകള്‍ നടത്തി മുന്‍പരിചയമുള്ള തന്റെ ഗുരുവും മാര്ഗ്ഗനിര്ദ്ദേശകനുമായ കെ. ആര്.സി. തായന്നൂര്ന്റെ സഹായത്താല്‍ കാഞ്ഞങ്ങാട് നിന്നും യാത്ര തുടങ്ങിയത്.