കുമ്പള: ഒളയത്തെ അനധികൃത മണല്‍ കടവുകള്‍ക്കെതിരെ കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്റെ നേതൃത്വത്തില്‍ പൊലീസ് നടപടി ശക്തമാക്കി. ആറ് കടവുകള്‍ തകര്‍ത്തു. ഇന്നലെ ഉച്ചയോടെയാണ് ഡി.വൈ.എസ്.പിയുടേയും കുമ്പള സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഇ.അനുപ്, എസ്.ഐ. വി.കെ. അനീഷ് എന്നിവരുടെയും നേതൃത്വത്തില്‍ ജെ.സി.ബി. ഉപയോഗിച്ച് അനധികൃത കടവുകള്‍ തകര്‍ത്തത്. പ്രദേശത്ത് മൂന്ന് വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നാലെയാണ് പൊലീസ് നിരീക്ഷണവും നടപടിയും ഊര്‍ജ്ജിതമാക്കിയത്. ഒളയത്ത് അടിക്കടി ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം മയക്കുമരുന്ന്, മണല്‍ മാഫിയാ സംഘങ്ങളാണെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം സംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടിക്കിറങ്ങിയത്. ഒളയം ഭാഗത്ത് രാത്രികാല പരിശോധന ശക്തമാക്കാനാണ് പൊലീസ് തീരുമാനം.