കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തുന്നു. സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തേക്കും. ചെന്നൈയിലെ സന്ദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് 2.45ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് പ്രധാനമന്ത്രി ഔദ്യോഗിക പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ള അമ്പലമുകള്‍ വി.എച്ച്.എസ്.ഇ സ്കൂള്‍ ഗ്രൗണ്ടിലേക്ക് പോകും.
6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയില്‍ നടപ്പാക്കുന്ന പ്രൊപ്പലീന്‍ ഡെറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പ്രോജക്ട്, എറണാകുളം വാര്‍ഫില്‍ 25.72 കോടി ചെലവില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് നിര്‍മിച്ച അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍, ഷിപ്പിയാര്‍ഡ് പരിശീലന കേന്ദ്രമായ വിജ്ഞാന് സാഗര്‍ കാമ്പസിലെ പുതിയ മന്ദിരം, കൊച്ചി തുറമുഖത്ത് നവീകരിച്ച കോള്‍ ബെര്‍ത്ത് എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.
കൊറോണ വ്യാപനം കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം. വൈകിട്ട് 5.55ന് അദ്ദേഹം തിരികെ പോകും. 15ന് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം.