തിരുവനന്തപുരം: കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീട്ടുപറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്.
കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞ്. കരച്ചില് കേട്ടെത്തിയ വീട്ടുടമയാണ് കുഞ്ഞിനെ ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി കുട്ടിയെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയും പിന്നീട് തിരുവനന്തപുരം എസ്എടിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
മൂന്നു കിലോ തൂക്കമുണ്ടായിരുന്ന ആണ്‍കുഞ്ഞ് ആരോഗ്യവാനാണെന്ന് പാരിപ്പള്ളി ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. അണുബാധയാണ് മരണകാരണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.