ടെഹ്റാന്: ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് തലവനായ ഖാസിം സുലൈമാനിയെ വധിച്ച സംഭവത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇന്റര്‍പോളിനോടാവശ്യപ്പെട്ട് ഇറാന്. ട്രംപ് ഉള്‍പ്പെടെ 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും ഇറാന് ആവശ്യപ്പെട്ടു. ഇറാന് ജുഡീഷ്യറി വാക്താവ് ഗെലാം ഹൊസൈന്‍ ഇസ്മായിലാണ് ചൊവ്വാഴ്ച വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
2020 ജനുവരി മൂന്നിന് ബാഗ്ദാദിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. ഖാസിം സുലൈമാനിയെ രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമായി യുഎസ് ആക്രമണം നടത്തി വധിച്ചുവെന്നാണ് ഇറാന്റെ ആരോപണം. ഇത് രണ്ടാം തവണയാണ് ഇറാന് ഇന്റര്‍പോളിനോട് ട്രംപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.
അതേസമയം ഇറാന്റെ ആവശ്യം ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍പോള്‍ തള്ളി. രാഷ്ട്രീയവും സൈനികവും മതപരവും വംശീയവുമായ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് ഇന്റര്‍പോളിന്റെ വിശദീകരണം. ജനുവരി 20ന് ട്രംപ് ഔദ്യോഗികമായി അധികാരം ഒഴിയാനിരിക്കെയാണ് ഇറാന്റെ നിര്‍ണായകനീക്കം.