ബേക്കല്‍: ഗള്‍ഫ് വ്യവസായി പൂച്ചക്കാട്ടെ അബ്ദുല്‍ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട രാസപരിശോധനാഫലം ഉടന്‍ ലഭിക്കുന്നതിന് പൊലീസ് ആര്.ഡി.ഒ കോടതിയെ സമീപിച്ചു. അബ്ദുള്‍ഗഫൂറിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വേഗത്തില്‍ ലഭ്യമാക്കുന്നതിന് ആര്.ഡി.ഒ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍ കാഞ്ഞങ്ങാട് ആര്.ഡി.ഒ കോടതിയില്‍ അപേക്ഷ നല്‍കിയത്. രാസപരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ഈ കേസില്‍ തുടരന്വേഷണം നടത്താന്‍ പൊലീസിന് സാധിക്കൂ. ഈ വിഷയത്തില്‍ അടിയന്തിര നടപടിയാവശ്യപ്പെട്ട് ആര്.ഡി.ഒ കൂടിയായ കാഞ്ഞങ്ങാട് സബ് കലക്ടര്‍ അഹമ്മദ് സൂഫിയാന് കോഴിക്കോട് ഫോറന്‍സിക് ലാബ് അധികൃതര്‍ക്ക് സന്ദേശമയച്ചു. ഇതോടെ രാസപരിശോധനാഫലം താമസം കൂടാതെ ലഭിക്കുമെന്നാണ് കരുതുന്നത്.
ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് അബ്ദുല്‍ഗഫൂറിനെ പൂച്ചക്കാട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവികമരണമാണെന്ന് കരുതി ഗഫൂറിന്റെ മയ്യത്ത് ബന്ധുക്കള്‍ പള്ളി ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തിരുന്നു. പിന്നീടാണ് വീട്ടില്‍ നിന്നും 600 പവനോളം സ്വര്‍ണം കാണാതായതായി ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായത്.
ഇതോടെ ഗഫൂറിന്റെ മരണത്തില്‍ സംശയമുയരുകയും ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗഫൂറിന്റെ മയ്യത്ത് പൂച്ചക്കാട് പള്ളി ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. ആന്തരികാവയവങ്ങള്‍ കോഴിക്കോട് ഫോറന്‍സിക് ലാബിലേക്ക് പരിശോധനക്കും അയച്ചു. ഗഫൂറിന്റെ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണം കണ്ടെടുക്കാനായി ജിന്ന് യുവതി അടക്കമുള്ളവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാനായില്ല. അന്വേഷണത്തിന്റെ ഭാഗമായി പതിനഞ്ചോളം പേരെയാണ് പൊലീസ് ചോദ്യംചെയ്തത്. രാസപരിശോധനാഫലം ലഭിക്കാതെ കൂടുതല്‍ അന്വേഷണം നടത്താനാകില്ലെന്ന നിലപാടിലാണ് പൊലീസ്.