കാഞ്ഞങ്ങാട്: നടന് ജയസൂര്യയുടെ സിനിമകളിലെ വേഷങ്ങള്‍ തനിമ നഷ്ടപ്പെടാതെ അനുകരിച്ച മനോജിന്റെ വേഷങ്ങള്‍ കണ്ട് ജയസൂര്യക്കും ആശ്ചര്യം. രണ്ടിലൊന്ന് ആലോചിക്കാതെ മനോജിനെ നേരിട്ട് വിളിച്ചു. പരവനടുക്കം കോട്ടരുവത്തെ മനോജാണ് ജയസൂര്യയെ അനുകരിച്ചത്. കഴിഞ്ഞ ദിവസമാണ് ജയസൂര്യയുടെ ഫോണ്‍ വിളി വന്നത്. നടന് ഫോണ്‍ വിളിച്ച് അഭിനന്ദിച്ചതിന്റെ ആഹ്ലാദത്തിലാണ് മനോജും കുടുംബവും കൂട്ടുകാരും. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ വെറുതെയിരുന്ന് സമയം തള്ളി നീക്കുമ്പോഴാണ് സിനിമാ നടന്മാരെയും മറ്റ് പ്രമുഖ വ്യക്തികളേയും അനുകരിച്ചാലോയെന്ന ചിന്ത വന്നത്. വേഷങ്ങള്‍ ടിക് ടോക്കിലും ഫേസ് ബുക്കിലും വൈറലാവുകയും ചെയ്തു. പിന്നീട് മോജിലും പോസ്റ്റ് ചെയ്യുകയായിരുന്നു. വേഷങ്ങള്‍ കണ്ട സുഹൃത്തുക്കളാണ് ജയസൂര്യയുടെ വേഷങ്ങളാണ് യോജിച്ചതെന്ന് അഭിപ്രായപ്പെട്ടത്. ഇതോടെ മറ്റ് കഥാപാത്രങ്ങളെ ഒഴിവാക്കി ജയസൂര്യയില്‍ മാത്രം കേന്ദ്രീകരിക്കുകയായിരുന്നു. ആട് സിനിമയിലെ ഷാജിപപ്പന്, ഞാന്‍ മേരിക്കുട്ടിയെന്ന സ്ത്രീ കഥാപാത്രം തുടങ്ങി നിരവധി കഥാപാത്രങ്ങളെ അനുകരിച്ചതോടെയാണ് വീഡിയോ വൈറലായത്. ഇത് കണ്ട് വെള്ളം സിനിമയുടെ സംവിധായകന് പ്രജേഷ് സെന്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജയസൂര്യ മനോജിന്റെ അനുകരണ കഥാപാത്രങ്ങളെ കണ്ട് ആസ്വദിച്ചത്. സുഹൃത്തിലൂടെ ജയസൂര്യയുടെ നമ്പര്‍ കരസ്ഥമാക്കി സന്ദേശങ്ങള്‍ അയച്ചു തുടങ്ങിയെങ്കിലും ആദ്യമായി വിഷുവിനാണ് ആശംസകളറിയിച്ച് ജയസൂര്യയുടെ മറുപടി വന്നത്. കഴിഞ്ഞ ദിവസം ജയസൂര്യ മനോജിനെ വിളിക്കുകയായിരുന്നു. കൊച്ചിയിലേക്ക് കുടുംബ സമേതം ക്ഷണിക്കുകയും ചെയ്തു. സാധാരണ ഗതിയില്‍ ഒരു കഥാപാത്രത്തെ അനുകരിക്കാന്‍ വേഷമിടുന്ന രീതിയാണെങ്കില്‍ മനോജ് താടിയും മീശയുമൊക്കെ വളരുന്നതിനുവേണ്ടി മാസങ്ങളോളം കാത്തിരുന്നാണ് കഥാപാത്രത്തെ അനുകരിക്കുന്നത്. വീട്ടുകാരുടെ പൂര്‍ണ പിന്തുണയും മനോജിനുണ്ട്. മാര്‍ക്കറ്റിംഗ് കമ്പനിയുടെ മനേജരായി ജോലി ചെയ്യുകയാണ് മനോജ്. കോട്ടരുവത്തെ കുമാരന് നായരുടേയും മാധവിയുടേയും മകനാണ്. ഭാര്യ: സ്വാതി. മകള്‍: ശ്രീബാല.