മംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ നിര്‍ബന്ധിത ക്വാറന്റൈന് ഏര്‍പ്പെടുത്തുന്നു. ഏഴുദിവസമാണ് നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയേണ്ടത്. തിങ്കളാഴ്ച വൈകിട്ടാണ് ഇതുസംബന്ധിച്ച ഉത്തരവ് ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിലെ അധികാരികള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ ഇന്നലെ ഈ ഉത്തരവ് നടപ്പായില്ല. ബുധനാഴ്ച ആവശ്യമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷം ഉത്തരവ് നടപ്പില്‍ വരുമെന്നാണ് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചിരിക്കുന്നത്. സൂറത്കല്‍ എം.ഐ.ടിയുടെ 1500 കിടക്കകളുള്ള ഹോസ്റ്റലുള്‍പ്പെടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ ക്വാറന്റൈന് കേന്ദ്രങ്ങളാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കോവിഡ് ബാധിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ഇത്തരത്തില്‍ നേരത്തെ ഏറ്റെടുത്ത ഹോസ്റ്റലുകളും മറ്റും ക്വാറന്റൈന് കേന്ദ്രങ്ങളാക്കാനുള്ള നീക്കമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്.
നിര്‍ബന്ധിത ക്വാറന്റൈന് ഏര്‍പ്പെടുത്തിയുള്ള കര്‍ണാടകയുടെ തീരുമാനം മലയാളി വിദ്യാര്‍ത്ഥികളെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്. കാസര്‍കോട് ജില്ലയില്‍ നിന്നടക്കം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മംഗളൂരുവിലെ വിവിധ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നു. ബുധനാഴ്ചയാണ് പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കുന്നത്. കോളേജ് ഹോസ്റ്റലുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ആവശ്യമായ ക്വാറന്റൈന് സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. മെഡിക്കല്‍ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനമടക്കം വരും ദിവസങ്ങളിലേക്കുള്ള പരീക്ഷകള്‍ക്കായി കര്‍ണാടകയിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. പരീക്ഷയെഴുതാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റൈന് വ്യവസ്ഥയില്‍ യാതൊരു ഇളവും ലഭിക്കില്ലെന്നാണ് അറിയുന്നത്. ഈ മാസം 11നാണ് മെഡിക്കല്‍ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ നടക്കുന്നത്. ഇംഗ്ലീഷ് ഇന്‍ ഫോറിന് ലാംഗ്വേജസ് യൂണിവേഴ്സിറ്റിയുടെ പി.ജി. പ്രവേശനപരീക്ഷ ഈമാസം ഒമ്പതിനാണ് നടക്കുക. ഇതിന്റെ ഒരു പരീക്ഷാകേന്ദ്രം ബംഗളൂരുവിലും മറ്റൊന്ന് തിരുവനന്തപുരത്തുമാണ്. തിരുവനന്തപുരത്ത് അപേക്ഷ നല്‍കിയിട്ട് കിട്ടാത്തവര്‍ പരീക്ഷയെഴുതുന്നത് ബംഗളൂരുവിലാണ്. നിര്‍ബന്ധിത ക്വാറന്റൈന് ഇവര്‍ക്കും ബാധകമാണ്. പോണ്ടിച്ചേരി സര്‍വകലാശാലയുടെയും ഹൈദരാബാദ് സര്‍വകലാശാലയുടെയും പി.ജി. പ്രവേശനപരീക്ഷകള്‍ നടക്കുന്നത് ഈ മാസം നാലിനാണ്.