കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ കെ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാവുമ്പോള്‍ ചരിത്ര പ്രസിദ്ധവും 1400 വര്‍ഷത്തിലേറെ പഴക്കമുള്ളതുമായ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയും അനുബന്ധ ഖബര്‍സ്ഥാനും മറ്റ് സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ നിവേദനത്തില്‍ മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന് പറഞ്ഞു.
ഒട്ടനവധി ആരാധാനാലയങ്ങളും കായലുകളും പൊതു സ്ഥാപനങ്ങളും ഇല്ലാതാവുന്ന സാഹചര്യവുമുണ്ട്. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന അലൈന്മെന്റ് പ്രകാരം പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കേണ്ടി വരികയാണെങ്കില്‍ കാസര്‍കോട് നഗരസഭയിലെ നെല്ലിക്കുന്ന്, തളങ്കര പടിഞ്ഞാര്‍, തളങ്കര ദിനാര്‍ നഗര്‍, തളങ്കര നെച്ചിപ്പട്പ്പ്, തളങ്കര പുഴക്കര കുണ്ടില്‍, തായലങ്ങാടി, പള്ളം, ചേരങ്കൈ കടപ്പുറം ഭാഗങ്ങളില്‍ നൂറ് കണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും മറ്റും ഇല്ലാതാവും. മാലിക് ദീനാര്‍ പള്ളി കോമ്പൗണ്ടും പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് അലൈമെന്റ് സൂചന.
അലൈമെന്റില്‍ ചെറിയൊരു വ്യത്യാസം വരുത്തിയാല്‍ നിരവധി ആരാധനാലയങ്ങളും വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യങ്ങള്‍ ഗൗരവപൂര്‍വ്വം പരിഗണിച്ച് കെറെയില്‍ പദ്ധതിയുടെ അലൈമെന്റില്‍ മാറ്റം വരുത്തി മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയും ഖബര്‍സ്ഥാനും വീടുകളും ജനവാസ കേന്ദ്രങ്ങളും സംരക്ഷിക്കാല്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം. അഷ്റഫ് എം.എല്‍.എ, അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ എന്നിവര്‍ക്കും കത്ത് നല്കി.