പയ്യന്നൂര്‍: അധ്യാപകന്, സാംസ്കാരിക പ്രഭാഷകന്‍, സാഹിത്യനിരൂപകന്‍, നാടകപ്രവര്‍ത്തകന്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ ശ്രദ്ധേയ പ്രവര്‍ത്തനം നടത്തിയ പി. അപ്പുക്കുട്ടന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്കാരം. സാസ്കാരിക മേഖലകളില്‍ ഉത്തരകേരളത്തില്‍ ശക്തമായ സാന്നിധ്യമറിയിച്ച വ്യക്തിത്വമാണ് പി.അപ്പുക്കുട്ടന് മാസ്റ്റര്‍.
30,000 രൂപയും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പി. വത്സല, എന്‍.വി.പി. ഉണിത്തിരി എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം നല്‍കാനും അപ്പുകുട്ടന്‍ മാസ്റ്റര്‍ക്ക് പുറമെ ദളിത് ബന്ധു എന്‍.കെ. ജോസ്, യു. കലാനാഥന്, സി.പി. അബൂബക്കര്‍, റോസ്മേരി, പാലക്കീഴ് നാരായണന് എന്നിവര്‍ക്കും സമഗ്ര സംഭാവനാ പുരസ്കാരം നല്‍കാനും ഇന്നലെ തൃശൂരില്‍ ചേര്‍ന്ന സാഹിത്യ അക്കാദമി യോഗം തീരുമാനിക്കുകയായിരുന്നു. അക്കാദമി പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എം. അഹ്മദ് മാഷിന് ശേഷം പി. അപ്പുകുട്ടന്‍ മാസ്റ്റര്‍ ഉത്തരദേശം എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു.
മിതത്വവും പ്രതികരണാത്മകവുമായ വിഷയാവതരണങ്ങളില്പ്പോലും സജീവമായി നിലനിര്‍ത്തുന്ന വിനയവും ഭാഷാശുദ്ധിയും അറിവിന്റെ അഗാധതയും ലളിതമനോഹരമായ പദച്ചേരുവകള്‍ സംഭാഷണവേദിയില്നിന്ന് പ്രവഹിക്കുന്ന മുഴക്കമുള്ള ശബ്ദവും പ്രഭാഷകന്‍ എന്ന നിലയില്‍ അപ്പുക്കുട്ടന് മാസ്റ്ററെ വ്യത്യസ്തനാക്കിയിരുന്നു. അഞ്ചരപ്പതിറ്റാണ്ട് നീണ്ട പ്രഭാഷണസപര്യ, സാഹിത്യനിരൂപണരംഗത്തെ സംഭാവനകള്‍, സംഗീതനാടക അക്കാദമി സെക്രട്ടറി എന്ന നിലയിലുള്ള പ്രവര്‍ത്തനം കലാസംഘാടനത്തിലെ സംഭാവനകള്‍ എന്നിവയിലൂടെ അവിശ്രമം സമൂഹത്തില്‍ സഞ്ചരിച്ച പി.അപ്പുക്കുട്ടന് മാസ്റ്റര്‍ക്ക് പൊതുരംഗത്ത് അദ്വിതീയമായ സ്ഥാനമാണുള്ളത്. പ്രശ്നങ്ങളെ ഇഴകീറി പരിശോധിച്ചുള്ള വിശകലനം, പ്രദേശത്തിന്റെ രാഷ്ട്രീയ സാംസ്കാരിക പാരമ്പര്യവുമായുള്ള ബന്ധപ്പെടുത്തല്‍, വര്‍ത്തമാനകാലത്തോടുള്ള പ്രതികരണം ഇവയെല്ലാം മാഷ് സംസാരിക്കുമ്പോള്‍ കടന്നുവരാറുണ്ട്. സാഹിത്യത്തിന്റെ ചേരുവകള്‍ ചേര്‍ത്ത ഉദാഹരണങ്ങള്‍ സഹിതമുള്ള ഭാഷണത്തിലൂടെ ആളുകളെ കൈയിലെടുക്കും. അന്നൂര്‍ യു.പി.സ്കൂളും സഞ്ജയന് സ്മാരക ഗ്രന്ഥാലയവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ പതിപ്പിച്ച മുദ്രകള്‍ ഏറെയാണ്.
ഗാന്ധിജിയുടെയും കെ.കേളപ്പന്റെയും ശിഷ്യനും പ്രഭാഷകനും നാടകകൃത്തുമായ കെ.പി.കുഞ്ഞിരാമ പൊതുവാളുടെ നാടകമായ ഭാരതരഥത്തില്‍ മികവുറ്റ കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഞ്ചു കൊല്ലം പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയിലും അംഗമായിരുന്നു.
1939 ആഗസ്ത് 10ന് അന്നൂരിലെ കരിപ്പത്ത് കണ്ണപൊതുവാളുടെയും എ.പി.പാര്‍വതി അമ്മയുടെയും മകനായാണ് ജനനം. അന്നൂര്‍ യു.പി. സ്കൂള്‍, പയ്യന്നൂര്‍ ഗവ. ബോയ്സ് ഹൈസ്കൂള്‍, കണ്ണൂര്‍ ഗവ. ട്രെയിനിങ് സ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1962ല്‍ പി.എസ്.സി. നിയമനം ലഭിച്ച് ഗവ. ഹൈസ്കൂളിലെത്തി. വിദ്വാന് പരീക്ഷ പാസായതിനെത്തുടര്‍ന്ന് ഹൈസ്കൂള്‍ അധ്യാപകനായി പ്രമോഷന് ലഭിക്കുകയും കാസര്‍കോട് ഗവ. ഹൈസ്കൂളില്‍ ഭാഷാധ്യാപകനായി നിയമനം ലഭിക്കുകയും ചെയ്തു. 1995 മാര്‍ച്ചില്‍ പയ്യന്നൂര്‍ ഗവ. ബോയ്സ് ഹൈസ്കൂളില്‍നിന്ന് വിരമിച്ചു.
ഭാര്യ സി.പി.വത്സല ഏതാനും മാസങ്ങള്‍ മുമ്പാണ് അന്തരിച്ചത്. മക്കള്‍: സരിത, ശ്രീഹര്ഷന് (പത്രപ്രവര്ത്തകന്), പ്രിയദര്ശന്.