തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 വാക്സിന് കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളായി. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക.
ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്സിനേഷന് യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വാക്സിനേഷന് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശ്ശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. നേരിട്ട് സംവദിക്കാനാണ് ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതില്‍ എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിക്കും.
വാക്സിനേഷന്റെ മികച്ച സംഘാടനത്തിന് പ്രൊഫഷണല്‍ മാനേജ്മെന്റ് സമ്പ്രദായമാണ് നടപ്പിലാക്കിയത്. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി നേതൃത്വം നല്കുന്ന സ്റ്റേറ്റ് സ്റ്റിയറിംഗ് കമ്മിറ്റി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നേതൃത്വം നല്കുന്ന സ്റ്റേറ്റ് ടാക്സ് ഫോഴ്സ്, സ്റ്റേറ്റ് കണ്‍ട്രേള്‍ റൂം, ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍ നേതൃത്വം നല്കുന്ന ജില്ലാ ടാക്സ് ഫോഴ്സ്, ജില്ലാ കണ്ട്രോള് റൂം, ബ്ലോക്ക് തലത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്കുന്ന ബ്ലോക്ക് ടാക്സ് ഫോഴ്സ്, ബ്ലോക്ക് കണ്ട്രോള് റൂം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.